പൂതാടി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രം ജനങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യഭീഷണിയുയര്‍ത്തുന്നു. പൂതാടി പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കേണിച്ചിറയില്‍ സ്ഥിതി ചെയ്യുന്ന മാലിന്യ കേന്ദ്രമാണ് നാട്ടുകാര്‍ക്ക് ഭീഷണിയായിരിക്കുന്നത്. യാതൊരു ശാസ്ത്രീയ സജ്ജീകരണങ്ങളുമില്ലാത്ത ഈ കേന്ദ്രത്തില്‍ ദിവസവും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ട്രക്കുകളില്‍ കൊണ്ടുവന്ന് തള്ളുന്നത്.
ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന കേണിച്ചിറയിലാണ് വര്‍ഷങ്ങളായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യകേന്ദ്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കേണിച്ചിറ ടൗണില്‍ നിന്നും 200 മീറ്റര്‍ പോലും ദൂരമില്ലാത്ത ചെറക്കയമ്പം കുന്നില്‍ വളരെ കുറഞ്ഞ സ്ഥലപരിധിയിലാണ് പഞ്ചായത്ത് അധികൃതര്‍ മാലിന്യങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നത്. ഈ പറമ്പിന് തൊട്ടടുത്ത് തന്നെ നിരവധി വീടുകളും കോളനികളുമുണ്ട്.
നിരന്തരമായ ചുമയും ജലദോഷവും ശ്വാസകോശ സംബന്ധമായ രോഗങ്ങളും മൂലം പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാരെല്ലാവരും. കുട്ടികളും വൃദ്ധരും ചൊറിച്ചിലും അലര്‍ജിയുമായി ആശുപത്രികള്‍ കയറിയിറങ്ങുകയാണ്.
മാലിന്യങ്ങളില്‍ നിന്നുള്ള രൂക്ഷഗന്ധം അസഹ്യമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു. ഇതില്‍ നിന്നും ഉയര്‍ന്ന വിഷപ്പുക ശ്വസിച്ച് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അന്തരീക്ഷത്തില്‍ വളരെ നേരം പുക തങ്ങി നിന്നെന്നും ചുറ്റുമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചുവെന്നും പ്രദേശവാസിയായ വിനീഷ് കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മാലിന്യങ്ങള്‍ കത്തിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ പിന്നീട് തികച്ചും അശാസ്ത്രീയമായ കുഴികുത്തി മൂടുക എന്ന രീതിയാണ് പഞ്ചായത്ത് സ്വീകരിച്ചത്. പ്ലാസ്റ്റിക് ഉള്‍പ്പെടെ എല്ലാ തരം മാലിന്യങ്ങളും മണ്ണിട്ടു മൂടുകയായിരുന്നു. ഇതും മാസങ്ങളായി മുടങ്ങികിടക്കുകയാണ്.
കുന്നിന്‍ മുകളിലുള്ള മാലിന്യ കേന്ദ്രത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന മലിനജലം നാല് കുടിവെള്ള പദ്ധതികളിലേക്കും പ്രധാന ജലസ്രോതസ്സായ പുഴയിലേക്കുമാണെത്തുന്നത്. പരിസരപ്രദേശങ്ങളിലുള്ളവരെല്ലാം തന്നെ വിവിധ ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന ജലസ്രോതസ്സുകളാണ് പഞ്ചായത്തിന്റെ അനാസ്ഥ മൂലം മലിനമായിക്കൊണ്ടിരിക്കുന്നത്.
മഞ്ഞപ്പിത്തവും ടൈഫോയ്ഡും പടര്‍ന്നുപിടിക്കുന്നതിനും ബ്രോങ്കോ ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, അക്യൂട്ട് അലര്‍ജിക് ബ്രോങ്കൈറ്റിസ്, ന്യൂമകോണിയോസിസ് തുടങ്ങിയ മാരകരോഗങ്ങള്‍ക്കും ഇത് കാരണമാകുമെന്ന് പ്രദേശവാസിയായ ഡോ. എന്‍.പി അജിത്കുമാര്‍ ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.
മാലിന്യങ്ങള്‍ സംഭരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമുള്ള കേന്ദ്രങ്ങള്‍ ജനവാസമില്ലാത്ത സ്ഥലങ്ങളില്‍ മാത്രം സ്ഥാപിക്കണമെന്ന നിരവധി ശുപാര്‍ശകള്‍ നിലനില്‍ക്കുമ്പോഴാണ് ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ചെറക്കയമ്പം കുന്നില്‍ ഇത്തരമൊരു കേന്ദ്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്.