ന്യൂദല്‍ഹി: ഇന്‍ഫോസിസിനെതിരെ ആര്‍.എസ്.എസ് അനുബന്ധ മാസികയായ പാഞ്ചജന്യ. അര്‍ബന്‍ നക്‌സലുകളുടേയും ഇടത് അനുഭാവികളുടേയും കീഴിലാണ് ഇന്‍ഫോസിസ് എന്നാണ് പാഞ്ചജന്യയുടെ സെപ്റ്റംബര്‍ ലക്കത്തിലെ കവര്‍സ്റ്റോറിയില്‍ പറയുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നിരന്തരം വാര്‍ത്ത കൊടുക്കുന്ന ദി വയര്‍, സ്‌ക്രോള്‍, ആള്‍ട്ട് ന്യൂസ് എന്നീ വെബ് പോര്‍ട്ടലുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് ഇന്‍ഫോസിസാണെന്നും പാഞ്ചജന്യ ആരോപിക്കുന്നു.
പ്രതിപക്ഷവുമായി ചേര്‍ന്ന് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്നു, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി അട്ടിമറിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പാഞ്ചജന്യയുടെ പുതിയ കവര്‍സ്റ്റോറിയില്‍ ഉന്നയിക്കുന്നത്.
ആദായ നികുതി വകുപ്പിന്റെയും ജി.എസ്.ടിയുടെയും പോര്‍ട്ടലുകള്‍ വികസിപ്പിക്കാനുള്ള കരാര്‍ ഇന്‍ഫോസിസിനായിരുന്നു. കഴിഞ്ഞ മാസം ഇത് ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കുന്നതില്‍ പ്രയാസം നേരിട്ടതോടെ ഇന്‍ഫോസിസ് സി.ഇ.ഒയെ ധനമന്ത്രി നിര്‍മല സീതാരാമന്‍ വിളിച്ചു വരുത്തിയിരുന്നു.
ഇതിനെ സംബന്ധിച്ചും കവര്‍സ്റ്റോറിയില്‍ പറയുന്നുണ്ട്. ഒരു വിദേശ സര്‍ക്കാരുമായുള്ള കരാറില്‍ ഇന്‍ഫോസിസ് ഇങ്ങനെ ഉത്തരവാദിത്തരഹിതമായി പ്രവര്‍ത്തിക്കുമോയെന്നാണ് പാഞ്ചജന്യയുടെ ചോദ്യം. സര്‍ക്കാര്‍ വകുപ്പുകളില്‍ ഇന്‍ഫോസിസിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് അപ് ലോഡ് ചെയ്യുന്ന ഡാറ്റയുടെ സുരക്ഷയെക്കുറിച്ചും കവര്‍സ്‌റ്റോറി ചോദ്യമുയര്‍ത്തുന്നുണ്ട്.
ഇതുപോലൊരു കവര്‍സ്‌റ്റോറി കമ്പനിയുടെ വിശ്വാസ്യതയെ സംശയത്തിന്റെ നിഴലിലാക്കാമെങ്കിലും ജനങ്ങള്‍ നേരിടേണ്ട പ്രത്യാഘാതങ്ങള്‍ അതിലും ഗുരുതരമാണെന്നാണ് പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ ദി ഹിന്ദുവിനോട് പറഞ്ഞത്.
ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി പല ഘട്ടങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍, 2019 തെരഞ്ഞെടുപ്പ് കാലത്ത് കൊല്‍ക്കത്ത ഐ.ഐ.എമ്മില്‍ നടന്ന ഒരു പരിപാടിയില്‍ രാജ്യം പുരോഗതി പ്രാപിക്കണമെങ്കില്‍ വിശ്വാസ സ്വാതന്ത്ര്യവും ഭയത്തില്‍ നിന്നുള്ള മോചനവും അനിവാര്യമാണെന്ന് മൂര്‍ത്തി പ്രസംഗിച്ചിരുന്നു.
2019 മെയില്‍ ഇന്‍ഫോസിസിന്റെ കീഴിലുള്ള എന്‍.ജി.ഒ ആയ ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു.