പാമോലിന്‍ കേസ്: വിശദീകരണവുമായി വി.എസ് സുപ്രീം കോടതിയില്‍
Daily News
പാമോലിന്‍ കേസ്: വിശദീകരണവുമായി വി.എസ് സുപ്രീം കോടതിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th February 2015, 4:09 pm

vs-achuthanandanന്യൂദല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സുപ്രീം കോടതിയില്‍ വിശദീകരണം നല്‍കി. കോടതിയുടെ ഭാഗത്ത് നിന്ന് വി.എസിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായ സാഹചര്യത്തിലാണ് വി.എസ് വിശദീകരണം നല്‍കിയിരിക്കുന്നത്.

ജനപ്രതിനിധി എന്ന നിലയിലാണ് താന്‍ കേസില്‍ കക്ഷി ചേര്‍ന്നതെന്നും കേസില്‍ കക്ഷി ചേരുന്നതിനുള്ള അനുവാദം 2006 ല്‍ സുപ്രീം കോടതി തനിക്ക് നല്‍കിയിരുന്നുവെന്നും വി.എസ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

“കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ച് ഇതുവരെ അന്വേഷിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അനേഷിക്കണം.” അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ച് അധികരേഖകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും രേഖകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അത് സ്പീക്കര്‍ സൂക്ഷിക്കണമെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

വി.എസ് കേസ് വലിച്ചു നീട്ടാന്‍ നോക്കുകയാണെന്നും ഇനിയും വി.എസ് നടപടി തുടര്‍ന്നാല്‍ അദ്ദേഹത്തിനെതിരെ വിധി പറയേണ്ടിവരുമെന്നും കോടതി വിമര്‍ശിച്ചിരുന്നു. പുതിയ രേഖകള്‍ ഉണ്ടെന്ന് പറഞ്ഞ് വി.എസ് കോടതിയെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുകയാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമര്‍ശനം. പാമോലിന്‍ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനിന്നുവെന്നാരോപിച്ചായിരുന്നു വി.എസിന്റെ ഹര്‍ജി.

ഹര്‍ജി പരിഗണിക്കവേ തെളിവ് സമര്‍പ്പിക്കുന്നതിനായി കൂടുതല്‍ സമയം വേണമെന്നും കേസ് മാറ്റിവയ്ക്കണമെന്നും വി.എസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു പരാമര്‍ശം ഉണ്ടായത്.