ആലിംഗന രംഗങ്ങള്‍ വേണ്ട; സെന്‍സറിംഗ് കടുപ്പിച്ച് പാകിസ്ഥാന്‍
World News
ആലിംഗന രംഗങ്ങള്‍ വേണ്ട; സെന്‍സറിംഗ് കടുപ്പിച്ച് പാകിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd October 2021, 4:47 pm

കറാച്ചി: പ്രാദേശിക ചാനല്‍ പരമ്പരകളില്‍ നിന്നും ആലിംഗന രംഗങ്ങള്‍ ഒഴിവാക്കണമെന്ന് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്റി അതോറിറ്റി (പെമ്ര).

പാകിസ്ഥാനിലെ പുതിയ സെന്‍സര്‍ഷിപ്പ് നയങ്ങളുടെ ഭാഗമായാണ് ഇത്തരം രംഗങ്ങള്‍ പരമ്പരയില്‍ നിന്നും ഒഴിവാക്കാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പെമ്ര വ്യക്തമാക്കി.

ഇത്തരം രംഗങ്ങള്‍ ഇസ്‌ലാമിക സമ്പ്രദായങ്ങള്‍ക്ക് എതിരാണെന്നും ഇസ്‌ലാമിക രീതിയില്‍ മുന്നോട്ട് പോവുന്ന പാക് ജനതയുടെ മാന്യതയ്ക്ക് കോട്ടം തട്ടുമെന്നും കാണിച്ചാണ് പുതിയ സെന്‍സര്‍ഷിപ്പ് നയം പുറപ്പെടുവിച്ചിട്ടുള്ളത്.

‘ചില പ്രാദേശിക ചാനല്‍ പരമ്പരകളില്‍ മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണം, ആലിംഗന രംഗങ്ങള്‍, കിടപ്പറ രംഗങ്ങള്‍, വിവാദപരമായ ഉള്ളടക്കങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു.

വിവാഹേതര ബന്ധങ്ങളും ദമ്പതികള്‍ക്കിടയിലെ ബന്ധങ്ങളും പാക് സമൂഹത്തിന്റെ ഇസ്‌ലാമിക ജീവിതരീതിയെയും സംസ്‌കാരത്തെയും തീര്‍ത്തും അവഗണിച്ചാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഇത്തരത്തിലുള്ള രംഗങ്ങള്‍ പാക് ജനതയെ അസ്വസ്ഥരാക്കുകയാണ്. പാക് ജനതയുടെ യഥാര്‍ത്ഥ ജീവിതരീതിയല്ല ഇത്തരം പരമ്പരകളില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക തത്വങ്ങളെ ഒട്ടും മാനിക്കാത്ത രീതിയിലാണ് ഇത്തരം പരമ്പരകള്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നത്,’ പെമ്രയുടെ ഉത്തരവില്‍ പറയുന്നു.

എല്ലാ ടെലിവിഷന്‍ ചാനലുകളിലും ഇത്തരം ഉള്ളടക്കങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി ഇന്‍ ഹൗസ് മോണിറ്ററിംഗ് നടത്തണമെന്നും, ഇതിനായി ഒരു കമ്മറ്റിയെ തന്നെ നിയോഗിക്കണമെന്നും പെമ്രയുടെ നിര്‍ദേശത്തില്‍ പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pakistani TV channels censored from airing hug scenes