ഇസ്‌ലാമാബാദ്: ഐഡന്റിറ്റി ഡോക്യുമെന്റുകള്‍ക്കും മറ്റുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ പാകിസ്താനിലെ എല്ലാ പൗരന്മാരും ഇനി നിര്‍ബന്ധമായും അവരുടെ മതം വെളിപ്പെടുത്തണമെന്ന് പാകിസ്ഥാന്‍ കോടതിയുടെ ഉത്തരവ്. സ്വയം മുസ്‌ലിംങ്ങളായി പരിചയപ്പെടുത്തുന്നത് പാകിസ്ഥാന്‍ മതനിന്ദാ നിയമപ്രകാരം ശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കുന്ന അഹ്മദി സമൂഹത്തെയാണ് കോടതിയുടെ ഈ ഉത്തരവ് കൂടുതല്‍ പ്രതിസന്ധിയിലാക്കുക. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെയുള്ള നീക്കമാണിതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
മതവിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുന്ന പൗരന്മാര്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന സാഹചര്യം ഉണ്ടെന്ന് നിരീക്ഷിച്ചാണ് ഇസ്‌ലാമബാദ് ഹൈക്കോടതി, സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കുന്ന എല്ലാവരും അവരുടെ മതമേതെന്ന് വ്യക്തമാക്കണമെന്ന് ഉത്തരവു പുറപ്പെടുവിച്ചത്. “എല്ലാ പൗരന്‍മാരുടെയും കൃത്യമായ വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് പാക് സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ കൈക്കൊള്ളണം”, ജസ്റ്റീസ് ഷൗക്കത്ത് അസീസ് സിദ്ദീഖിയാണ് പറഞ്ഞു. “ഒരു പൗരനും അവന്റെ/അവളുടെ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചു വയ്ക്കാന്‍ കഴിയരുത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1998 ലെ സെന്‍സസ് അനുസരിച്ച് പാകിസ്ഥാനിലെ 208 ദശലക്ഷം ജനസംഖ്യയില്‍ ഭൂരിപക്ഷവും മുസ്‌ലീംങ്ങളാണ്. ജനസംഖ്യയുടെ 3% മാത്രമാണ് മറ്റു വിഭാഗക്കാര്‍. 1974ലാണ് അഹ്മദി സമൂഹത്തെ അമുസ്‌ലീംങ്ങളായി പ്രഖ്യാപിക്കുന്നത്. തെഹ്രീക്-ഇ-ലബൈക്ക് പാകിസ്താന്‍ എന്ന പാര്‍ട്ടി ഇവരെ മതനിന്ദകരായി വിശേഷിപ്പിച്ചു. ഇതേ തുടര്‍ന്ന് അഹ്മദി സമൂഹം തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടിരുന്നു.
ഈ വിധി പാകിസ്താനിലെ എല്ലാവരുടെയും മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതിനു പുറമെ അഹ്മദി സമൂഹത്തെ കൃത്യമായി ലക്ഷ്യം വെക്കുകയും ചെയ്യുന്നുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വക്താവ് സരൂപ് ഇജാസ് പറഞ്ഞു. “ഇതുപോലൊരു വിധി അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക”, അദ്ദേഹം പ്രതികരിച്ചു.
തെഹ്രീക്-ഇ-ലബൈക്ക് പാകിസ്താന്‍ സമര്‍പ്പിച്ച ഒരു ഹര്‍ജിയിലാണ് ഇസ്‌ലാമബാദ് ഹൈക്കോടതിയുടെ ഈ വിധി.