റിയാദ്: സൗദി-പാക് അസ്വാരസ്യങ്ങള്‍ക്കിടെ പാകിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ സൗദി അറേബ്യയിലെത്തി. സൗദി പ്രതിരോധ മന്ത്രാലയത്തില്‍ സന്ദര്‍ശനം നടത്തിയ ബജ്‌വ സൗദി സൈനിക തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ച തീര്‍ത്തും സൈനിക സഹകരണത്തെ സംബന്ധിച്ചായിരുന്നെന്ന് പാക് സൈന്യം അറിയിച്ചു. സൈനിക സഹകരണത്തിന്റെ സാധ്യതകളെ കുറിച്ചും അത് ഉയര്‍ത്താനുള്ള വഴികളെക്കുറിച്ചും പൊതു താല്‍പര്യത്തില്‍ മറ്റ് വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ സംസാരിച്ചെന്നാണ് സൗദി പ്രതിരോധ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
പാകിസ്താനുമായുള്ള സൗദിയുടെ അസ്വാരസ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ വിഷയമായോ എന്നതില്‍ വ്യക്തതയില്ല.
#VIDEO: #SaudiArabia‘s Chief of the General Staff of the Armed Forces Gen. Fayyad Al-Ruwaili receives #Pakistan‘s Chief of Army Staff Gen. Qamar Javed Bajwa in #Riyadh on Monday (@modgovksa) pic.twitter.com/YlWPSO2YBo
— Saudi Gazette (@Saudi_Gazette) August 17, 2020
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യയുടെ നീക്കത്തിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മുസ്ലിം കൗണ്‍സില്‍ ( ഒ.ഐ.സി) യോഗം ചേരണമെന്നാമവശ്യപ്പെട്ട് കൊണ്ട് പാക് വിദേശ കാര്യ മന്ത്രി മഹ്മൂദ് ഖുറേഷി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
അടുത്തിടെ ഒരു പാക് ന്യൂസ് ചാനലിലെ അഭിമുഖത്തില്‍ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടി ചര്‍ച്ച ചെയ്യാന്‍ സൗദി അറേബ്യ ഒ.ഐ.സി മീറ്റിംഗ് വിളിച്ചില്ലെങ്കില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ യോഗം വിളിക്കാന്‍ താന്‍ നിര്‍ബന്ധിക്കുമെന്ന് ഖുറേഷി പറഞ്ഞിരുന്നു.
വിഷയത്തില്‍ തങ്ങളുടെ വികാരം ഗള്‍ഫ് രാജ്യങ്ങള്‍ മനസ്സിലാക്കണമെന്നും ഖുറേഷി പറഞ്ഞിരുന്നു.
പരാമര്‍ശത്തിനു പിന്നാലെ പാകിസ്താനുമായുള്ള ചില വ്യാപാര വ്യവസ്ഥകളില്‍ നിന്ന് സൗദി പിന്‍വാങ്ങുന്നതിന്റെ സൂചന നല്‍കിയിരുന്നു.
പാകിസ്താന് വായ്പാ ആനുകൂല്യത്തോടെ നല്‍കുന്ന എണ്ണ കയറ്റു മതി കരാര്‍ സൗദി പുതുക്കിയിട്ടില്ല.. രണ്ടു മാസം മുമ്പ് ഈ കരാറിന്റെ സമയ പരിധി കഴിഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും കരാര്‍ പുതുക്കാന്‍ സൗദി തയ്യാറായിട്ടില്ല. ഘട്ടം ഘട്ടമായി പണമടച്ച് 3.2 ബില്യണ്‍ ഡോളറിന്റെ എണ്ണ സൗദിയില്‍ നിന്നും. ഇപാകിസ്താനിലെത്തിക്കാനുള്ള കരാറാണിത്.
ഇതിനൊപ്പം നല്‍കിയ മൂന്ന് ബില്യണ്‍ ഡോളറിന്റെ ലോണ്‍ തിരിച്ചടയ്ക്കാന്‍ പാകിസ്താനെ സൗദി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. പാക് ആഭ്യന്തര പ്രതിസന്ധികള്‍ മറികടക്കുന്നതിന്റെ ഭാഗമായി 2018 നവംബറില്‍ പ്രഖ്യാപിച്ച 6.2 ബില്യണ്‍ ഡോളര്‍ സൗദി പാക്കേജിന്റെ ഭാഗമായിരുന്നു ഈ കരാര്‍.