വ്യാഴാഴ്ച രാത്രി നടന്ന പാകിസ്ഥാന്‍-ഓസ്‌ട്രേലിയ ടി20 ലോകകപ്പ് സെമിഫൈനല്‍ മത്സരത്തിന് തൊട്ടുമുമ്പ് പാക് താരം മുഹമ്മദ് റിസ്‌വാന്‍ ആശുപത്രിയിലായിരുന്നുവെന്ന് ടീം ഡോക്ടര്‍. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് രണ്ട് ദിവസം റിസ്‌വാന്‍ ഐ.സി.യുവിലായിരുന്നു എന്നാണ് ടീമിന്റെ ഡോക്ടര്‍ പറഞ്ഞത്.
സെമിഫൈനല്‍ മത്സരത്തിലെ പാക് ടീമിന്റെ പരാജയത്തിന് ശേഷമാണ് ഡോക്ടര്‍ ഇക്കാര്യം പുറത്ത് വിട്ടത്. ഡോക്ടറെ ഉദ്ധരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയയും അവരുടെ ഔദ്യോഗിക പേജിലൂടെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
റിസ്‌വാനും ഷൊയിബ് മാലിക്കിനും മത്സരത്തിന് മുമ്പ് പനി ഉണ്ടായിരുന്നെന്നും അവര്‍ സെമിഫൈനല്‍ കളിക്കുമോ എന്ന് സംശയമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.
”നവംബര്‍ ഒമ്പതിന് റിസ്‌വാന് നെഞ്ചില്‍ അണുബാധ കണ്ടെത്തി. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു.
അണുബാധയില്‍ നിന്നും മുക്തനാവാന്‍ റിസ്‌വാന് രണ്ട് രാത്രികള്‍ ഐ.സി.യുവില്‍ കിടക്കേണ്ടി വന്നു,” ടീം ഡോക്ടര്‍ നജീബ് സൊമ്‌റൂ പറഞ്ഞു.
വലിയ തിരിച്ചുവരവ് ആണ് അദ്ദേഹം നടത്തിയതെന്നും അങ്ങനെ മത്സരത്തിന് മുമ്പ് ഫിറ്റാണെന്ന് തെളിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റിസ്‌വാന്റെ ദൃഢനിശ്ചയവും രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ആഗ്രഹവുമാണ് അദ്ദേഹത്തിന്റെ സെമിഫൈനല്‍ പ്രകടനത്തിലൂടെ തെളിഞ്ഞതെന്നും നജീബ് സൊമ്‌റൂ പറഞ്ഞു.
പാക് ടീമിലെ ഓപ്പണറായ റിസ്‌വാന്റെ അസാമാന്യ പ്രകടനത്തെ ക്യാപ്റ്റന്‍ ബാബര്‍ അസമും പ്രകീര്‍ത്തിച്ചിരുന്നു.
റിസ്‌വാനെ പോരാളിയെന്നാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ മാത്യു ഹെയ്ഡന്‍ വിശേഷിപ്പിച്ചത്. ഒരേ സമയം റിസ്‌കും അതേസമയം ഹീറോയികുമായ കാര്യമാണ് റിസ്‌വാന്‍ ചെയ്തതെന്നായിരുന്നു ഹെയ്ഡന്റെ പ്രതികരണം.
സെമിഫൈനല്‍ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പാകിസ്ഥാന്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ 67 റണ്‍സ് നേടി പാക് ടീമിലെ ടോപ് സ്‌കോററായ റിസ്‌വാന്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.