World News
ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും വില പഠിക്കാനല്ല ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത്: ഇമ്രാന്‍ ഖാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 14, 02:30 am
Monday, 14th March 2022, 8:00 am

ഇസ്‌ലാമാബാദ്: തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള പ്രതിപക്ഷ നേതാക്കളുടെ നീക്കത്തിനെതിരെ ആഞ്ഞടിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഉരുളക്കിഴങ്ങിന്റെ തക്കാളിയുടെയും വില നോക്കാനല്ല താന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത് എന്നായിരുന്നു ഇമ്രാന്‍ ഖാന്റെ പ്രതികരണം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്തുന്നതിലും വിലക്കയറ്റം തടയുന്നതിലും പ്രധാനമന്ത്രി എന്ന നിലയില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടു, എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

ഇതിനിടെയാണ് ഖാന്റെ മറുപടിയും എത്തിയത്. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങള്‍ അണിനിരക്കുമെന്നും പഞ്ചാബ് പ്രവിശ്യയിലെ ഹഫീസാബാദില്‍ റാലിയെ അഭിസംബോധന ചെയ്ത് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

”ഉരുളക്കിഴങ്ങിന്റെയും തക്കാളിയുടെയും വില പഠിക്കാനല്ല ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത്, രാജ്യത്തെ യുവജനതയുടെ ക്ഷേമത്തിന് വേണ്ടിയാണ്,” ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

തന്റെ ശേഷിക്കുന്ന ഭരണകാലത്ത് പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യമായി വളരുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ വ്യക്തിപരമായി ഒന്നും നേടാന്‍ ആഗ്രഹിക്കുന്നില്ല. ഒരാള്‍ക്ക് സ്വപ്‌നം കാണാവുന്ന കാര്യങ്ങളെല്ലാം ഇതിനോടകം താന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നും മുന്‍ ക്രിക്കറ്റര്‍ കൂടിയായ പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ഇമ്രാന്‍ ഖാന്റെ പ്രതികരണം വരുന്നത്. ചൊവ്വാഴ്ചയായിരുന്നു നാഷണല്‍ അസംബ്ലി സെക്രട്ടറിയേറ്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം സമര്‍പ്പിച്ചത്.

പ്രതിപക്ഷത്തെ പ്രധാനപ്പെട്ട നേതാക്കളായ മൗലാന ഫസലുര്‍ റഹ്മാന്‍, ആസിഫ് സര്‍ദാരി, ഷെഹബാസ് ഷെരീഫ് എന്നിവരാണ് അവിശ്വാസ പ്രമേയ അവതരണത്തിന് നേതൃത്വം നല്‍കിയത്.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടാല്‍ പ്രതിപക്ഷം തെരുവിലിറങ്ങുമെന്നും രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും പാകിസ്ഥാന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് (പി.ഡി.എം) നേതാവ് മൗലാന ഫസലുര്‍ റഹ്മാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

അവിശ്വാസ പ്രമേയം പരാജയപ്പെട്ടാലും ഇമ്രാന്‍ ഖാന് പാകിസ്ഥാന്‍ ഭരിക്കാനാവുമെന്ന് കരുതേണ്ടെന്നും ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിന് യോഗ്യനല്ലെന്നും ഫസലുര്‍ റഹ്മാന്‍ പ്രതികരിച്ചു.

അതേസമയം, അവിശ്വാസ പ്രമേയം നേരിടുന്നതിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ മോശം വാക്കുകളുപയോഗിച്ച് ഖാന്‍ അഭിസംബോധന ചെയ്തിരുന്നു. പ്രമേയം പരാജയപ്പെട്ടാല്‍ അതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഇമ്രാന്‍ ഖാന്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Content Highlight: Pakistan PM Imran Khan attacked the Opposition parties for tabling a no confidence motion against him