ഹോങ്കോങ്ങിനെ തല്ലിത്തകര്‍ത്തും എറിഞ്ഞുടച്ചും ബാബര്‍ പട; റെക്കോഡിട്ട് പാകിസ്ഥാന്റെ ഏഷ്യ കപ്പ് പ്രകടനം
Sports News
ഹോങ്കോങ്ങിനെ തല്ലിത്തകര്‍ത്തും എറിഞ്ഞുടച്ചും ബാബര്‍ പട; റെക്കോഡിട്ട് പാകിസ്ഥാന്റെ ഏഷ്യ കപ്പ് പ്രകടനം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd September 2022, 8:57 am

ദുബായ്: ഇന്നലെ ബാബറിന്റെയും കൂട്ടരുടെയും ദിവസമായിരുന്നു. ഹോങ്കോങ്ങിനെ അടിച്ചും എറിഞ്ഞും തകര്‍ത്ത ബാബര്‍ അസമിന്റെ പാക് പട ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലേക്കുള്ള രാജകീയ പ്രവേശനം ഗംഭീരമാക്കി. 155 റണ്‍സിനാണ് പാകിസ്ഥാന് ഹോങ്കോങ്ങിനെ നിലംപരിശാക്കിയത്.

ടോസ് നഷ്ടപ്പെട്ടാണ് പാകിസ്ഥാന്‍ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നതെങ്കിലും അതിന്റെ ഒരു കുറവും ബാറ്റിങ്ങ് നിരക്കുണ്ടായിരുന്നില്ല. മുഹമ്മദ് റിസ്വാനും ഫഖാര്‍ സമാനും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് പാകിസ്ഥാനെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 എന്ന സ്‌കോറിലെത്തിച്ചത്.

റിസ്വാന്‍ നാല് ഫോറും ഒരു സിക്‌സുമടക്കം 78 റണ്‍സ് നേടിയപ്പോള്‍ നാല് ഫോറും രണ്ട് സിക്‌സുമടക്കം 53 റണ്‍സുമായി സമാന്‍ ക്രീസില്‍ നിറഞ്ഞു. ഇരുവരും ചേര്‍ന്നുയര്‍ത്തിയ കൂട്ടുകെട്ടിന് തുടര്‍ച്ച നല്‍കികൊണ്ട് ഖുശ്ദില്‍ ഷാ കൂടി എത്തുകയായിരുന്നു. നാല് സിക്‌സറുകള്‍ പായിച്ചുകൊണ്ടാണ് ഖുശ്ദില്‍ ഷാ ഇന്നിങ്ങ്‌സ് പൂര്‍ത്തിയാക്കിയത്.

അവസാന നാല് ഓവറുകളില്‍ നടത്തിയ റണ്‍വേട്ടയാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 64 റണ്‍സാണ് ഈ ഓവറില്‍ നിന്നും പാക് ബാറ്റര്‍മാര്‍ അടിച്ചുകൂട്ടിയത്. അവസാന ഓവറില്‍ മാത്രം 29 റണ്‍സും. ഹോങ്കോങ് ബോളര്‍ അയാസ് ഖാനായിരുന്നു ഈ ഓവര്‍ എറിഞ്ഞത്.

194 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഹോങ്കോങ്ങിന് വെറും പത്ത് ഓവറിനുള്ളില്‍ പാകിസ്ഥാന്‍ നാട്ടിലേക്കുള്ള ടിക്കറ്റെടുത്തുകൊടുത്തു. സ്‌കോര്‍ ബോര്‍ഡ് 16ലെത്തിയപ്പോള്‍ തുടങ്ങിയ വിക്കറ്റ് വീഴ്ച 38ന് പൂര്‍ത്തിയായി. നസീം ഷാ തുടങ്ങിയ വിക്കറ്റ് വേട്ട സ്പിന്നര്‍മാരായ ഷദാബ് ഖാനും മുഹമ്മദ് നവാസും ചേര്‍ന്ന് പൂര്‍ത്തിയാക്കി. 22 റണ്‍സിനുള്ളില്‍ പത്ത് വിക്കറ്റും നഷ്ടപ്പെട്ട് ഹോങ്കോങ്ങ് മടങ്ങി. ഒരു ബാറ്ററെ പോലും രണ്ടക്കം കടക്കാന്‍ പാക് ബോളര്‍മാര്‍ വിട്ടില്ല.

അങ്ങനെ 155 റണ്‍സിന് ഹോങ്കോങ്ങിനെ തകര്‍ത്തതോടെ ട്വന്റി20 മാച്ചുകളില്‍ റണ്‍സുകളുടെ അടിസ്ഥാനത്തില്‍ നേടുന്ന ഏറ്റവും വലിയ വിജയം എന്ന റെക്കോഡിലേക്ക് കൂടിയാണ് പാകിസ്ഥാന്‍ നടന്നുകയറിയത്. 57 പന്തില്‍ 78 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ് മാച്ചിലെ ടോപ് സ്‌കോറര്‍.

ഈ മാച്ച് കൂടി പൂര്‍ത്തിയായതോടെ സൂപ്പര്‍ ഫോര്‍ ആവേശത്തിലേക്കെത്തിയിരിക്കുകയാണ് ഏഷ്യാ കപ്പ്. ഇന്ത്യയും പാകിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് സൂപ്പര്‍ ഫോറില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നത്. പോയിന്റ് നിലയില്‍ എ ഗ്രൂപ്പില്‍ ഇന്ത്യക്ക് പിന്നിലാണ് പാകിസ്ഥാന്റെ സ്ഥാനം.

അഫ്ഗാനിസ്ഥാനും ശ്രീലങ്കയും തമ്മിലായിരിക്കും സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം. ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെ നേരിടും. ശ്രീലങ്ക-ഇന്ത്യ, പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍, ഇന്ത്യ-അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍-ശ്രീലങ്ക എന്നീ മാച്ചുകളും തൊട്ടടുത്ത ദിവസങ്ങളില്‍ നടക്കും. പിന്നീട് സെപ്റ്റംബര്‍ 11നായിരിക്കും ഏഷ്യ കപ്പ് ഫൈനല്‍ നടക്കുക.

Content Highlight: Pakistan defeats Hong Kong in Asia Cup match