ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് ആതിഥേയര്‍ ഒരിക്കലും മറക്കില്ല. ഹൈവേയെ വെല്ലുന്ന തരത്തിലുള്ള പിച്ച് ഒരുക്കി റണ്‍സടിച്ചുകൂട്ടിയപ്പോള്‍ മറുവശത്തും അതിന് പോന്ന ബാറ്റര്‍മാര്‍ ഉണ്ടാകുമെന്ന് പാക് ടീം ഓര്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇതിഹാസ താരം ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയുടെയും സൂപ്പര്‍ താരം ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെയും കരുത്തില്‍ പടുകൂറ്റന്‍ സ്‌കോറാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. റൂട്ട് 375 പന്തില്‍ 262 റണ്‍സ് നേടി പുറത്തായി. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് പാകിസ്ഥാനെതിരെ പിറന്നത്.
322 പന്ത് നേരിട്ട് 317 റണ്‍സാണ് ബ്രൂക് സ്വന്തമാക്കിയത്. 29 ഫോറും മൂന്ന് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
Our first Test triple centurion for 34 years 🏏
Brook joins Sandham, Hammond, Hutton, Edrich and Gooch 📝
🇵🇰 #PAKvENG 🏴 | #EnglandCricket pic.twitter.com/ZMdsKPmb8q
— England Cricket (@englandcricket) October 10, 2024
ഇരുവരുടെയും കരുത്തില്‍ ആദ്യ ഇന്നിങ്‌സില്‍ 823 റണ്‍സ് നേടിയ സന്ദര്‍ശകര്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ഇപ്പോള്‍ ബ്രൂക്കിന്റെ വെടിക്കെട്ട് നേട്ടത്തെ പുകഴ്ത്തുകയാണ് ജോ റൂട്ട്.
‘അവന്‍ ജനിച്ചത് ഇംഗ്ലണ്ടിലാണ്, പാകിസ്ഥാനില്‍ അല്ല എന്നതിനാല്‍ ഞാന്‍ ഏറെ സന്തുഷ്ടനാണ്. കാരണം അവന്റെ റെക്കോഡ് ഇവിടെ വെറും തമാശയാണ്. നിങ്ങള്‍ മികച്ച പ്രകടനം നടത്തിയ സാഹചര്യങ്ങളിലേക്ക് തിരിച്ചുവരികയും ആദ്യം പുറത്തെടുത്ത പ്രകടനത്തേക്കാള്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്യുന്നത് മികച്ച കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്.
അവന്‍ തന്റെ പേരില്‍ മറ്റൊരു വലിയ റെക്കോഡ് എഴുതിച്ചേര്‍ത്തതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. അവന്റെ കംപ്ലീറ്റ് ഗെയ്മാണ് കളിക്കുന്നത്. അവന്‍ എത് കോണിലേക്കും പന്തടിച്ച് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കും. സീമും സ്പിന്നും ഹൈ പേസും വളരെ അനായാസമായി അവന്‍ കളിക്കുന്നു. റണ്‍സ് സ്‌കോര്‍ ചെയ്യാനുള്ള ഏറ്റവും മികച്ച റെസിപ്പിയാണത്,’ റൂട്ടിന്റെ വാക്കുകള്‍ ഉദ്ധരിച്ച് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുള്‍ട്ടാന്‍നില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിന് മുമ്പ് 2023ല്‍ ന്യൂസിലാന്‍ഡിനെതിരെ വെല്ലിങ്ടണില്‍ വെച്ച് നേടിയ 186 റണ്‍സായിരുന്നു ഹാരി ബ്രൂക്കിന്റെ ഉയര്‍ന്ന സ്‌കോര്‍. കരിയറിലെ ആദ്യ അന്താരാഷ്ട്ര റെഡ് ബോള്‍ ഡബിള്‍ സെഞ്ച്വറി തന്നെ ട്രിപ്പിള്‍ സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്താണ് ബ്രൂക് ചരിത്രമെഴുതിയത്.
ഇതിന് പുറമെ പല റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന ആറാമത് താരമെന്ന നേട്ടമാണ് ബ്രൂക് തന്റെ പേരിലെഴുതിച്ചേര്‍ത്തത്. 30 വര്‍ഷത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഒരു ഇംഗ്ലീഷ് താരം റെഡ് ബോളില്‍ മുന്നൂറടിക്കുന്നത്.
ടെസ്റ്റില്‍ ഇംഗ്ലണ്ടിനായി ട്രിപ്പിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍
(റണ്‍സ് – താരം – എതിരാളികള്‍ – വര്‍ഷം – വേദി എന്നീ ക്രമത്തില്‍)
325 – ആന്‍ഡി സാന്‍ഡ്ഹാം – വെസ്റ്റ് ഇന്‍ഡീസ് – 1930 – കിങ്സ്റ്റണ്‍.
336* – വാലി ഹാമ്മണ്ട് – ന്യൂസിലാന്‍ഡ് – 1933 – ഓക്ലന്‍ഡ്.
364 – ലെന്‍ ഹട്ടണ്‍ – ഓസ്ട്രേലിയ – 1938 – ഓവല്‍.
310* – ജോണ്‍ എഡ്രിച്ച് – വെസ്റ്റ് ഇന്‍ഡീസ് – 1974 – കിങ്സ്റ്റണ്‍.
333 – ഗ്രഹാം ഗൂച്ച് – ഇന്ത്യ – 1990 – ലോര്‍ഡ്സ്.
317 – ഹാരി ബ്രൂക് – പാകിസ്ഥാന്‍ – 2024 – മുള്‍ട്ടാന്‍.
Writing his name into history, literally 📝
🇵🇰 #PAKvENG 🏴 | #EnglandCricket pic.twitter.com/zXemAHqc8y
— England Cricket (@englandcricket) October 10, 2024
അതേസമയം, 267 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച പാകിസ്ഥാന്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ 115 റണ്‍സിന് പുറകിലാണ്. നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍.
England close in on a famous win in Multan.#WTC25 | #PAKvENG 📝: https://t.co/Qr8NZXso0r pic.twitter.com/JL4khqxzj3
— ICC (@ICC) October 10, 2024
നിലവില്‍ 49 പന്തില്‍ 41 റണ്‍സുമായി ആഘാ സല്‍മാനും 48 പന്തില്‍ 27 റണ്‍സുമായി ആമിര്‍ ജമാലുമാണ് ക്രീസില്‍. മത്സരം പരാജയപ്പെടാതിരിക്കാന്‍ അഞ്ചാം ദിവസം മുഴുവന്‍ ബാറ്റ് ചെയ്യുക എന്ന ഓപ്ഷന്‍ മാത്രമാണ് പാകിസ്ഥാന് മുമ്പിലുള്ളത്.
സ്‌കോര്‍ (നാലാം ദിനം അവസാനിക്കുമ്പോള്‍)
പാകിസ്ഥാന്‍: 556 & 152/6 (37)
ഇംഗ്ലണ്ട്: 823/7d
Content Highlight: PAK vs ENG: joe Root praises Harry Brook