ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തില്‍ സെഞ്ച്വറി തിളക്കവുമായി ഇംഗ്ലണ്ട് ഇതിഹാസ താരം ജോ റൂട്ട്. ശ്രീലങ്കക്കെതിരെ സ്വന്തം മണ്ണില്‍ പുറത്തെടുത്ത ഡോമിനേഷന് പിന്നാലെ ഇപ്പോള്‍ പാകിസ്ഥാന്‍ മണ്ണിലും റൂട്ട് സെഞ്ച്വറി നേട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ടെസ്റ്റ് കരിയറില്‍ താരത്തിന്റെ 35ാം സെഞ്ച്വറിയും പാകിസ്ഥാനില്‍ താരത്തിന്റെ ആദ്യ സെഞ്ച്വറിയുമാണിത്.
ഒറ്റ ഇന്നിങ്‌സില്‍ എണ്ണമറ്റ റെക്കോഡുകള്‍
ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പല റെക്കോഡുകളും താരത്തെ തേടിയെത്തിയിരുന്നു. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 5,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
52.56 എന്ന മികച്ച ശരാശരിയിലാണ് താരം ബാറ്റ് വീശുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ച 2019 മുതല്‍ ഇതുവരെ 17 സെഞ്ച്വറികളും 20 അര്‍ധ സെഞ്ച്വറികളുമാണ് റൂട്ടിന്റെ പേരില്‍ കുറിക്കപ്പെട്ടത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയെടുക്കുമ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മാര്‍നസ് ലബുഷാനെക്കാളും കാതങ്ങള്‍ മുമ്പിലാണ് റൂട്ട്. 52.05 ശരാശരിയില്‍ 3904 റണ്‍സാണ് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്വന്തമാക്കിയത്.
ആക്ടീവ് ക്രിക്കറ്റര്‍മാര്‍ക്കിടയില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോഡും റൂട്ടിന്റെ പേരില്‍ തന്നെയാണ്. 32 സെഞ്ച്വറിയുമായി ഫാബ് ഫോറിലെ സ്റ്റീവ് സ്മിത്തും കെയ്ന്‍ വില്യംസണുമാണ് രണ്ടാമത്.
റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടവും റൂട്ടിനെ തേടിയെത്തിയത്. ഇതിഹാസ താരവും തന്റെ മുന്‍ഗാമിയുമായ അലിസ്റ്റര്‍ കുക്കിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടാണ് റൂട്ടിന്റെ കുതിപ്പ്.
ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് എന്ന റെക്കോഡില്‍ സച്ചിനുമായുള്ള അകലം ഓരോ മത്സരം അവസാനിക്കുമ്പോഴും റൂട്ട് കുറച്ചുകൊണ്ടുവരികയാണ്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് റൂട്ട്.
ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, റിക്കി പോണ്ടിങ്, ജാക് കാല്ലിസ്, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ മാത്രമാണ് റൂട്ടിന് മുമ്പിലുള്ളത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം തവണ ആയിരം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടവും റൂട്ട് സ്വന്തമാക്കി. ഈ നേട്ടത്തില്‍ ഇനി സച്ചിന്‍ മാത്രമാണ് റൂട്ടിന് മുന്നിലുള്ളത്.
സാക്ക് ക്രോളിയുടെയും ബെന്‍ ഡക്കറ്റിന്റെയും അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുന്നത്. ക്രോളി 85 പന്തില്‍ 78 റണ്‍സ് നേടി പുറത്തായപ്പോള്‍ 75 പന്തില്‍ 84 റണ്‍സാണ് ഡക്കറ്റ് നേടിയത്. സില്‍വര്‍ ഡക്കായി പുറത്തായ ക്യാപ്റ്റന്‍ ഒല്ലി പോപ്പിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്.
ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 556 റണ്‍സാണ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, ആഘാ സല്‍മാന്‍, അബ്ദുള്ള ഷഫീഖ് എന്നിവരുടെ സെഞ്ച്വറികളാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ഇംഗ്ലണ്ടിനായി ജാക് ലീച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രൈഡന്‍ ക്രേസും ഗസ് ആറ്റ്കിന്‍സണും രണ്ട് വിക്കറ്റ് വീതവും നേടി. ക്രിസ് വോക്‌സ്, ഷോയ്ബ് ബഷീര്‍, ജോ റൂട്ട് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
Content Highlight: PAK vs ENG: Joe Root completed 35th test century