അരങ്ങേറ്റത്തില്‍ സെഞ്ച്വറി, അതും ഇംഗ്ലണ്ടിനെതിരെ; ബാബറിന് ഇനി വീട്ടിലിരിക്കാമെന്ന് ആരാധകര്‍
Sports News
അരങ്ങേറ്റത്തില്‍ സെഞ്ച്വറി, അതും ഇംഗ്ലണ്ടിനെതിരെ; ബാബറിന് ഇനി വീട്ടിലിരിക്കാമെന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th October 2024, 8:37 am

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 295ന് അഞ്ച് എന്ന നിലയിലാണ് ആതിഥേയര്‍ ബാറ്റിങ് തുടരുന്നത്. സെഞ്ച്വറി നേടിയ കമ്രാന്‍ ഗുലാമിന്റെ കരുത്തിലാണ് പാകിസ്ഥാന്‍ മോശമല്ലാത്ത സ്‌കോര്‍ ആദ്യ ദിനം പടുത്തുയര്‍ത്തിയത്.

ആദ്യ ടെസ്റ്റിന് സമാനമായി ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തന്നെ തെരഞ്ഞെടുത്തു. എന്നാല്‍ പ്രതീക്ഷിച്ച തുടക്കമല്ല ടീമിന് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 20 റണ്‍സ് കയറും മുമ്പ് തന്നെ രണ്ട് മുന്‍ നിര വിക്കറ്റുകള്‍ പാകിസ്ഥാന് നഷ്ടമായി.

അബ്ദുള്ള ഷഫീഖ് 28 പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഏഴ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് ക്യാപ്റ്റന്‍ ഷാന്‍ മസൂദിന് കണ്ടെത്താന്‍ സാധിച്ചത്. ജാക്ക് ലീച്ചാണ് ഇരുവരെയും മടക്കിയത്.

ക്യാപ്റ്റന് പിന്നാലെ കമ്രാന്‍ ഗുലാം എന്ന 29കാരനാണ് കളത്തിലിറങ്ങിയത്. അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാനായി ആദ്യ മത്സരം കളിക്കുന്ന ഗുലാം, സയീം അയ്യൂബിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 149 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സ്വന്തമാക്കിയത്.

ടീം സ്‌കോര്‍ 168ല്‍ നില്‍ക്കവെ അയ്യൂബിനെ പുറത്താക്കി മാത്യു പോട്‌സ് ഇംഗ്ലണ്ടിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 160 പന്തില്‍ 77 റണ്‍സ് നേടി നില്‍ക്കവെ ബെന്‍ സ്റ്റോക്‌സിന്റെ കൈകളിലെത്തിച്ചാണ് പോട്‌സ് പാക് സൂപ്പര്‍ താരത്തെ പുറത്താക്കിയത്.

സയീം അയ്യൂബിനെ നഷ്ടപ്പെട്ട പാകിസ്ഥാന് നില വീണ്ടെടുക്കും മുമ്പ് തന്നെ സൗദ് ഷക്കീലിനെയും നഷ്ടമായി. 14 പന്തില്‍ നാല് റണ്‍സുമായാണ് ഷക്കീല്‍ പുറത്തായത്.

ശേഷം വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനൊപ്പമായി ഗുലാമിന്റെ ചെറുത്തുനില്‍പ്. ഇരുവരും ചേര്‍ന്ന് പാക് സ്‌കോര്‍ 200 കടത്തി.

ഇതിനൊപ്പം തന്നെ ഗുലാം തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. അരങ്ങേറ്റ മത്സരത്തിലെ അരങ്ങേറ്റ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. മോശം ഫോമിലുള്ള ബാബര്‍ അസമിന് പകരക്കാരനായെത്തിയാണ് ഗുലാം സെഞ്ച്വറി നേടിയത്.

തന്റെ ആദ്യ മത്സരത്തില്‍ തന്നെ, അതും സേന ടീമുകളില്‍ ഒന്നായ ഇംഗ്ലണ്ടിനോട് സെഞ്ച്വറി നേടിയതോടെ അന്താരാഷ്ട്ര തലത്തിലേക്കുള്ള തന്റെ വരവറിയിച്ചിരിക്കുകയാണ് താരം.

ഗുലാമിന്റെ സെഞ്ച്വറി പാക് ആരാധകര്‍ ആഘോഷമാക്കുമ്പോഴും ചെറിയ ആശങ്ക അവരുടെ മനസിലുണ്ട്. ടീമില്‍ ബാബര്‍ അസമിന്റെ സ്ഥാനത്തെ കുറിച്ചാണ് ഇവര്‍ ആശങ്കപ്പെടുന്നത്.

കഴിഞ്ഞ കുറച്ചധികം നാളുകളായി ബാബറിന് ടെസ്റ്റില്‍ താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതാണ് ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ട്, മൂന്ന് ടെസ്റ്റുകളില്‍ താരത്തിന് തിരിച്ചടിയായതും.

2022 ഡിസംബറിന് ശേഷം ഒരിക്കല്‍പ്പോലും ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ ടെസ്റ്റില്‍ ബാറ്റിങ്ങിന് അനുകൂലമായ ഫ്ളാറ്റ് ട്രാക് ഉണ്ടായിരുന്നിട്ട് പോലും ബാബര്‍ അമ്പേ പരാജയപ്പെട്ടു. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി വെറും 35 റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.

1, 41, 26, 23, 0, 22, 31, 11, 30, 5 എന്നിങ്ങനെയാണ് അവസാന പത്ത് ടെസ്റ്റ് ഇന്നിങ്സില്‍ താരത്തിന്റെ പ്രകടനം.

ബാബറിന് ടീമില്‍ നിന്നും പുറത്തേക്കുള്ള വഴിയാണോ ഗുലാം തുറന്നിട്ടത് എന്നാണ് ആരാധകര്‍ പരസ്പരം ചോദിക്കുന്നത്.

മത്സരത്തില്‍ 224 പന്ത് നേരിട്ട താരം 118 റണ്‍സ് നേടി മടങ്ങി.

ആദ്യ ദിനം അവസാനിക്കുമ്പോള്‍ 89 പന്തില്‍ 37 റണ്‍സുമായി മുഹമ്മദ് റിസ്വാനും 19 പന്തില്‍ അഞ്ച് റണ്‍സുമായി ആഘാ സല്‍മാനുമാണ് പാകിസ്ഥാനായി ക്രീസില്‍.

ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ബ്രൈഡന്‍ ക്രേസ്, മാത്യു പോട്‌സ്, ഷോയ്ബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

 

Content Highlight: PAK vs ENG: 2nd Test: Kamran Ghulam’s brilliant century