ഇസ്‌ലാമാബാദ്: ഉക്രൈനില്‍ റഷ്യയുടെ അധിനിവേശത്തെ അപലപിച്ച് യു.എന്നില്‍ അവതരിപ്പിക്കുന്ന പ്രമേയത്തെ പാകിസ്ഥാന്‍ പിന്തുണയ്ക്കണമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ‘പാകിസ്ഥാന്‍ നിങ്ങളുടെ അടിമകളാണെന്ന് കരുതുന്നുണ്ടോ’ എന്ന് ചോദിച്ചായിരുന്നു അദ്ദേഹം വിമര്‍ശനമുന്നയിച്ചത്.
ഉക്രൈനിലെ അധിനിവേശത്തെ അപലപിക്കണമെന്നാവശ്യപ്പെട്ട് 22 നയതന്ത്ര ദൗത്യങ്ങളുടെ തലവന്‍മാര്‍ സംയുക്തമായി ഇമ്രാന്‍ ഖാന് കത്തയച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
യു.എന്നില്‍ പാസാക്കുന്ന പ്രമേയത്തെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥര്‍ രാഷ്ട്ര തലവന്‍മാര്‍ക്ക് കത്തയക്കാറുണ്ടെങ്കിലും പരസ്യമായി കത്ത് അയക്കുന്നതോ സഹായമാവശ്യപ്പെടുന്നതോ അപൂര്‍വമാണ്.
‘ഞങ്ങളെ കുറിച്ച് നിങ്ങളെന്താണ് കരുതിയിരിക്കുന്നത്? നിങ്ങള്‍ പറയുന്നതെല്ലാം ചെയ്യാന്‍ പാകിസ്ഥാന്‍ എന്താണ് നിങ്ങളുടെ അടിമയാണോ,’ പാകിസ്ഥാനിലെ ഒരു രാഷ്ട്രീയ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഇമ്രാന്‍ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളുടെ സഖ്യകക്ഷിയായ പാകിസ്ഥാന്‍, ഉക്രൈന്‍ അധിനിവേശത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലി റഷ്യയെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇതിന് പിന്നാലെയാണ് 22ഓളം വരുന്ന നയതന്ത്ര തലവന്‍മാര്‍ പാകിസ്ഥാന് കത്തയച്ചത്.
പാകിസ്ഥാന് പുറമെ റഷ്യന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നിരുന്നു. എന്നാല്‍ ഇന്ത്യയ്‌ക്കോ മറ്റ് രാജ്യങ്ങള്‍ക്കോ ഇത്തരത്തില്‍ കത്തയക്കാത്തതും ഇമ്രാനെ ചൊടിപ്പിച്ചിരുന്നു.
‘യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍മാരോട് എനിക്കൊരു കാര്യം മാത്രമാണ് ചോദിക്കാനുള്ളത്. നിങ്ങള്‍ ഇന്ത്യയ്ക്ക് ഇത്തരത്തിലുള്ള ഒരു കത്ത് അയയ്ക്കാന്‍ തയ്യാറാവുമോ?’ ഇമ്രാന്‍ ചോദിച്ചു.
അഫ്ഗാനിസ്ഥാനില്‍ നടന്ന നാറ്റോ സഖ്യരാഷ്ട്രങ്ങളുടെ നടപടികള്‍ക്ക് പിന്തുണ നല്‍കിയതിന് പാകിസ്ഥാന്‍ ഏറെ അനുഭവിച്ചതാണെന്നും അന്ന് നന്ദിക്ക് പകരം വിമര്‍ശനങ്ങളാണ് തങ്ങള്‍ നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ആരംഭിച്ച സമയത്ത് ഇമ്രാന്‍ ഖാന്‍ മോസ്‌കോയില്‍ ഉണ്ടായിരുന്നു. റഷ്യ ഉക്രൈനിലേക്ക് സൈനികരെ അയച്ച സമയത്ത് ഇമ്രാന്‍ റഷ്യയിലുണ്ടായിരുന്നതും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
അധിനിവേശത്തിന് മുമ്പും ഇമ്രാന്‍ ഖാന്‍ റഷ്യ സന്ദര്‍ശിച്ചിരുന്നു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഒരു പാക് പ്രധാനമന്ത്രിയുടെ റഷ്യ സന്ദര്‍ശനം എന്ന നിലയ്ക്കും ഖാന്‍ പുടിനെ കണ്ടത് വാര്‍ത്തകരളില്‍ നിറഞ്ഞു നിന്നിരുന്നു.