World News
യാത്രാവിലക്കും സ്വത്ത് മരവിപ്പിക്കലും; മസൂദ് അസ്ഹറിന് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി പാകിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 03, 03:27 am
Friday, 3rd May 2019, 8:57 am

ഇസ്‌ലാമാബാദ്: ഐക്യരാഷ്ട്രസഭ ആഗോളഭീകരനായി പ്രഖ്യാപിച്ച ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചുകൊണ്ടും യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുമുള്ള ഉത്തരവ് പാകിസ്താന്‍ പുറത്തിറക്കി. ഈ ഉത്തരവ് നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോടു വിദേശകാര്യമന്ത്രാലയം ഉത്തരവിട്ടു.

ആയുധങ്ങള്‍ വാങ്ങുന്നതിനും വിലക്കുന്നതിനും മസൂദിനെ നേരത്തേ വിലക്കിയിരുന്നു.

പാകിസ്ഥാനുമായി അടുത്ത നയതന്ത്ര ബന്ധം തുടര്‍ന്നുപോരുന്ന ചൈന, മസൂദിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിലെ എതിര്‍പ്പ് പിന്‍വലിച്ചതിനു പിന്നാലെയാണ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ സാങ്ഷന്‍സ് സമിതി മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്.

മുന്‍പ് നാലുതവണ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കത്തെ യു.എന്‍. സുരക്ഷാ കൗണ്‍സിലിലുള്ള തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് ചൈന തടഞ്ഞിരുന്നു. പുല്‍വാമയിലെ ആക്രമണത്തിനു ശേഷമാണ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ സുരക്ഷാ കൗണ്‍സിലിനെ സമീപിക്കുന്നത്.

യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ നേരത്തെ തന്നെ പിന്തുണച്ചിരുന്നു. മാര്‍ച്ച് 13ന് മസൂദിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുള്ള പ്രമേയം യു.എന്നില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണലുണ്ടെന്ന് കാട്ടിയാണ് ചൈന പ്രമേയം അംഗീകരിക്കുന്നത് നീട്ടിയത്.