Kerala News
സിനിമയല്ല ജീവിതമെന്ന് ജനങ്ങള്‍ മനസ്സിലാക്കണം, പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനേയില്ല: പത്മജ വേണുഗോപാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 03, 03:48 am
Monday, 3rd May 2021, 9:18 am

തൃശ്ശൂര്‍: കോണ്‍ഗ്രസിന്റെ പതനം നേതൃത്വം പരിശോധിക്കണമെന്ന് പത്മജ വേണുഗോപാല്‍. അല്ലാതെ മുന്നോട്ട് പോവുക പ്രയാസമാണെന്നും പത്മജ പറഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കാനില്ലെന്നും ഇലക്ഷന് വേണ്ടി മാത്രം കേറിനില്‍ക്കാന്‍ താല്‍പര്യമില്ലെന്നും അവര്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ സാന്നിധ്യം തിരിച്ചടിയായെന്നും ഇവിടുത്തെ ആളുകള്‍ക്ക് സിനിമാതാരങ്ങളോടുള്ള താത്പര്യമാണോ കാരണമെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പത്മജ പ്രതികരിച്ചു.

‘സുരേഷ് ഗോപി തന്നെ ജയിക്കണ്ട എന്ന് പറഞ്ഞ് നിന്നപോലെയാണ് എനിക്ക് തോന്നിയിരുന്നത്, എന്നാലും ഞങ്ങള്‍ ജയിപ്പിച്ചേ വിടൂ എന്നൊരു ആറ്റിറ്റിയൂഡ് ജനങ്ങള്‍ കാണിച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ ഇത്രയും വോട്ട് പത്ത് ദിവസം കൊണ്ട് ഒരാള്‍ പിടിക്കില്ലല്ലോ.

സിനിമയാണ് ജീവിതം എന്ന് വിചാരിക്കുന്ന കുറേയധികം ആളുകള്‍ ഉണ്ട്. സിനിമയില്‍ കാണിച്ചുകൂട്ടുന്ന കാര്യങ്ങള്‍ എല്ലാം യഥാര്‍ത്ഥ ജീവിതത്തില്‍ ഉള്ളതാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചു. ഞങ്ങളൊക്കെ പൊതുപ്രവര്‍ത്തകരാണ്. ഞങ്ങള്‍ക്കിങ്ങനെയൊന്നും കാട്ടാനറിയില്ല. തിരുവനന്തപുരത്ത് കൃഷ്ണകുമാര്‍ വന്നപ്പോള്‍ ശിവകുമാറിന് വലിയ ബുദ്ധിമുട്ടായിരുന്നു. അപ്പോ ജനങ്ങള്‍ മനസ്സിലാക്കേണ്ടത് സിനിമയല്ല ജീവിതം എന്നാണ്. അത് ആദ്യം ജനങ്ങള്‍ മനസ്സിലാക്കട്ടെ,’ പത്മജ പറയുന്നു.

ബി.ജെ.പിയുടെ വോട്ടുകള്‍ എവിടെ പോയി എന്ന് നോക്കിയാല്‍ കള്ളക്കളി പുറത്തുവരുമെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

ഏഴ് റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സുരേഷ് ഗോപിയുടെ മുന്നേറ്റമായിരുന്നു തൃശൂരില്‍ കണ്ടതെങ്കിലും പിന്നീടങ്ങോട്ട് ലീഡ് കുറയുകയായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.ബാലചന്ദ്രനാണ് തൃശ്ശൂരില്‍ വിജയിച്ചു കയറിയത്. പത്മജ വേണുഗോപാലാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Padmaja Venugopal says about Suresh Gopi