ന്യൂദല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ “പത്മാവത്” സിനിമയ്‌ക്കെതിരായ പ്രതിഷേധമെന്ന പേരില്‍ നടക്കുന്ന ശ്രീ രജപുത് കര്‍ണ്ണിസേനയുടെ അക്രമങ്ങള്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഇതിനൊപ്പം കോണ്‍ഗ്രസ് അനുഭാവിയായ ടെഹ്‌സന്‍ പൂനവാല നല്‍കിയ മറ്റൊരു ഹര്‍ജിയിലും സുപ്രീം കോടതി വാദം കേള്‍ക്കും. അക്രമം തടയുന്നതില്‍ പരാജയപ്പെട്ട രാജസ്ഥാന്‍, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കെതിരെയാണ് ഈ ഹര്‍ജി.
രണ്ടു പരാതികളിലും ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര, ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും. “പത്മാവത്” റിലീസ് ചെയ്യാന്‍ തടസമൊന്നുമില്ലെന്ന് നേരത്തേ തന്നെ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ അക്രമാസക്തമായ പ്രതിഷേധങ്ങള്‍ ഇപ്പോഴും നടക്കുകയാണ്.
Don”t Miss: റിലീസ് ചെയ്ത് മണിക്കൂറിനകം പദ്മാവത് ഫേസ്ബുക്ക് ലൈവില്‍
“ഞങ്ങളുടെ ഉത്തരവ് എല്ലാവരാലും പാലിക്കപ്പെടേണ്ടതാണ്. സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ തെരുവിലിറങ്ങി ക്രമസമാധാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇത് അംഗീകരിക്കാനാകില്ല” -ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. പല സലംസ്ഥാനങ്ങളിലുംപൊലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. എന്നാല്‍ അക്രമങ്ങള്‍ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ പൊലീസിനായിട്ടില്ല.
നിരവധി കടകള്‍ ആക്രമിക്കപ്പെട്ടതായും ഡസന്‍ ണക്കിന് ഇരുചക്രവാഹനള്‍ അക്രമികള്‍ അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 150-ലേറെ കാറുകള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. നൂറിലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഗുഡ്ഗാവില്‍ അക്രമാസക്തരായ ആള്‍ക്കൂട്ടം 25 കുട്ടികള്‍ ഉണ്ടായിരുന്ന സ്‌കൂള്‍ ബസിനു നേരെ കല്ലെറിയുകയും ബസ് കത്തിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കുട്ടികള്‍ എല്ലാവരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.