പാ രഞ്ജിത്ത് ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് കാഴ്ചയുടെയും രാഷ്ട്രീയത്തിന്റെയും വലിയ അനുഭവങ്ങളാണ് നല്‍കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പാ രഞ്ജിത്ത് ചിത്രം സാര്‍പ്പട്ട പരമ്പരൈ സോഷ്യല്‍മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ സാര്‍പ്പട്ട പരമ്പരൈയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് പാ രഞ്ജിത്ത്. താനൊരു ചരിത്രകാരനോ ഗവേഷകനോ അല്ലെന്നും തന്റെ സിനിമകളെ ഡോക്യുമെന്ററികളായി കാണേണ്ടതില്ലെന്നും പാ രഞ്ജിത്ത് പറയുന്നു. ഫിക്ഷനും നോണ്‍ ഫിക്ഷനും ഇടയിലുള്ള ലോകത്ത് നിന്നുകൊണ്ട് സിനിമകള്‍ ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവേ പാ രഞ്ജിത്ത് പറഞ്ഞു.
ഒരു കലാകാരനെന്ന നിലയില്‍ തനിക്ക് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ടെന്നും അതുകൊണ്ട് തന്നെ ക്രിയേറ്റീവായി സിനിമകള്‍ ചെയ്യുന്നതിലൂടെ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെക്കാന്‍ താന്‍ ശ്രമിക്കില്ലെന്നും പാ രഞ്ജിത്ത് പറയുന്നു.
സിനിമ സംഭവിക്കുന്ന കാലഘട്ടത്തിലെ രാഷ്ട്രീയത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
‘1975നും 78നും ഇടയിലുള്ള കഥയാണ് പറയുന്നത്. ഡി.എം.കെയാണ് അന്നത്തെ സര്‍ക്കാര്‍. 1972ല്‍ രൂപം കൊണ്ട എം.ജി.ആര്‍ നയിച്ച എ.ഐ.എ.ഡി.എം.കെ അന്ന് പ്രാദേശിക പാര്‍ട്ടികളായി വളര്‍ന്നുവരുന്നതേയുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചുപോന്ന നിലപാടുകളെ സിനിമയില്‍ കാണിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായോ പ്രതികൂലമായോ അല്ല സിനിമ സംസാരിക്കുന്നത്.
അന്ന് ചില ഡി.എം.കെ കുടുംബങ്ങളില്‍ പോലും എം.ജി.ആറിനെ പിന്തുണക്കുന്നവര്‍ ഉണ്ടായിരുന്നു. പശുപതി അവതരിപ്പിച്ച രങ്കന്‍ വാതിയാരും അദ്ദേഹത്തിന്റെ കുടുംബവും അതിനൊരു ഉദാഹരമാണ്. രണ്ട് പാര്‍ട്ടികളും ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞാന്‍ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥ കാലത്തെ മുന്നില്‍ നിന്ന് എതിര്‍ത്ത പാര്‍ട്ടിയാണ് ഡി.എം.കെ. പാര്‍ട്ടിയെ അത് പലതരത്തിലും ബാധിക്കുകയും ചെയ്തിരുന്നു. അന്നെല്ലാം പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെയുടെ ചിഹ്നങ്ങളുള്ള ജാക്കറ്റുകള്‍ ധരിച്ച് ബോക്‌സര്‍മാര്‍ റിങ്ങില്‍ ഇറങ്ങുമായിരുന്നുവെന്ന് മുതിര്‍ന്ന ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് എ.ഐ.എ.ഡി.എം.കെയും വികസിച്ച് വരുന്ന സമയമാണ്.
ലോക്ക്ഡൗണ്‍ കാലത്താണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് സിനിമ ചിത്രീകരിച്ചതെന്നും പാ രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.