പ്രിയങ്കയുടെ പാര്‍ലമെന്റിലെ സാന്നിധ്യം ഇന്ത്യാ മുന്നണിയുടെ മതേതരത്വത്തിന് ഊര്‍ജം നല്‍കും: പി.കെ. കുഞ്ഞാലിക്കുട്ടി
Kerala News
പ്രിയങ്കയുടെ പാര്‍ലമെന്റിലെ സാന്നിധ്യം ഇന്ത്യാ മുന്നണിയുടെ മതേതരത്വത്തിന് ഊര്‍ജം നല്‍കും: പി.കെ. കുഞ്ഞാലിക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th October 2024, 3:58 pm

മലപ്പുറം: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഉപതെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ പ്രിയങ്ക ഗാന്ധിയുടെ പാര്‍ലമെന്റിലെ സാന്നിധ്യം ഇന്ത്യാ മുന്നണിയുടെ മതേതരത്വത്തിന് ഊര്‍ജം നല്‍കുമെന്ന് എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി.

പ്രിയങ്കയുടെ വിജയം സാധാരണമായ ഒന്നായിരിക്കില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതര ബോധത്തിലേക്കുള്ള ശക്തമായ ഒരു കാല്‍വെപ്പ് കൂടിയായിരിക്കും പ്രിയങ്കയുടെ ജയമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്ത്യാ മുന്നണിയ്ക്ക് ഉണ്ടായ സീറ്റ് കുറവ് നികത്താന്‍ പ്രിയങ്കയുടെ സാന്നിധ്യത്തിന് കഴിയുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര മണ്ഡലത്തില്‍ നിന്ന് രമ്യ ഹരിദാസും വിജയിച്ചാല്‍ അതൊരു മുതല്‍ക്കൂട്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യു.ഡി.എഫ് നടത്തുന്ന പോരാട്ടങ്ങളെ നയിക്കാന്‍ ഇരു നേതാക്കളും നിയമസഭയില്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനം വളരെ കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. മനുഷ്യത്വരഹിതമായ കാര്യങ്ങള്‍ ഉള്‍പ്പെടെയാണ് നിലവിലെ ഭരണത്തിന് പിന്നില്‍ നടക്കുന്നത്.

ഈ സാഹചര്യത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ജനങ്ങള്‍ കാത്തിരിക്കുന്നതാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണവിരുദ്ധ വികാരം രേഖപ്പെടുത്താന്‍ ജനങ്ങള്‍ കാത്തിരിക്കുന്ന നിമിഷം കൂടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ കോണ്‍ഗ്രസ് ഐ.ടി സെല്‍ മേധാവിയായിരുന്ന പി. സരിന്‍ രംഗത്തെത്തിയിരുന്നു.

തുടര്‍ന്ന് പരസ്യപ്രചരണങ്ങളില്‍ കോണ്‍ഗ്രസ് സരിനെ പുറത്താക്കുകയും പിന്നാലെ സരിന്‍ ഇടതുപക്ഷത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു.

ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പാലക്കാട് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പി. സരിനെ പ്രഖ്യാപിച്ചിരുന്നു.

ചേലക്കര മണ്ഡലത്തില്‍ യു.ആര്‍ പ്രദീപാണ് സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥി. വയനാട് മണ്ഡലത്തില്‍ സി.പി.ഐ ദേശീയ നേതാവും മുന്‍ എം.എല്‍.എയുമായ സത്യന്‍ മൊക്യേരി മത്സരിക്കും.

Content Highlight: P.K.Kunhalikutty says Priyanka’s presence in Parliament will boost India alliance’s secularism