കാസര്‍കോട്: ഉപതെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് വാട്ടര്‍ലൂ ആകുമെന്ന് മുസ്‌ലിം ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഫലം പുറത്തുവരുന്നതോടെ കേരളം അവര്‍ക്കു മരീചികയാകുമെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.
ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതിന് യു.ഡി.എഫ് ഒറ്റക്കെട്ടായി ഒരുങ്ങിക്കഴിഞ്ഞു. ഒരുവിധ പ്രശ്‌നവും യു.ഡി.എഫിലില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി വലിയ വിജയം നേടും. മഞ്ചേശ്വരത്ത് ബി.ജെ.പിയാണു പ്രധാന എതിരാളി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും രണ്ടാം സ്ഥാനത്തുവന്നത് ബി.ജെ.പിയാണ്. എല്‍.ഡി.എഫ് ഒരു ഘടകമേയല്ല.
പെരിയ വിഷയത്തിലും വികസന പ്രശ്‌നങ്ങളിലും സംസ്ഥാന സര്‍ക്കാരിനെതിരായ വികാരമാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യു.ഡി.എഫ് നിലകൊള്ളുന്നത്.
രവീശ തന്ത്രിയെ സ്ഥാനാര്‍ഥിയാക്കാന്‍ ദല്‍ഹിയില്‍ സ്വാധീനം ചെലുത്തിയ മംഗളൂരുവിലെ ആര്‍.എസ്.എസ് നേതൃത്വമായിരിക്കും മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ വഹിക്കുകയെന്നും ഇതോടെ ഉറപ്പായി.
ജില്ലയിലെ ബി.ജെ.പി നേതാക്കളും മണ്ഡലം ഭാരവാഹികളും ഉള്‍പ്പെടുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ആര്‍.എസ്.എസ് നേതൃത്വം തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയതായാണു വിവരം.
ജില്ലാ കമ്മിറ്റിയും മഞ്ചേശ്വരം മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും ആവശ്യപ്പെട്ട ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, മണ്ഡലം സെക്രട്ടറി സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവരിലൊരാളെ സ്ഥാനാര്‍ഥിയാക്കാത്തതിനാലാണു പ്രതിഷേധം കനക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട രവീശ തന്ത്രിയെ വീണ്ടും സ്ഥാനാര്‍ഥിയാക്കരുതെന്നാണ് പ്രവര്‍ത്തകരും നേതാക്കളും ഒരേ സ്വരത്തില്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് രവീശ തന്ത്രി യു.ഡി.എഫ് സ്ഥാനാര്‍ഥിയെക്കാള്‍ 11,113 വോട്ടിനു പിന്നിലാണ്. വീണ്ടും അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കുന്നത് തോല്‍ക്കാനാണെന്നാണു പ്രാദേശിക നേതാക്കളുടെ വാദം.
രവീശ തന്ത്രിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ കഴിഞ്ഞദിവസം വന്‍ പ്രതിഷേധമാണ് കാസര്‍കോട് ബി.ജെ.പിയില്‍ പരസ്യമായി നടന്നത്. ജനറല്‍ സെക്രട്ടറി എല്‍. ഗണേഷിനെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരുന്നു.
കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ ആണ് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിനെതിരെ രംഗത്തുവന്നത്. നിഷ്പക്ഷ വോട്ടുകള്‍ അകലുമെന്നാണ് ഒരു വിഭാഗം പറയുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ലെന്നും കുമ്പള, മഞ്ചേശ്വരം പഞ്ചായത്ത് കമ്മറ്റികള്‍ അറിയിച്ചു.