ലീഗിനെ പിരിച്ചുവിടും എന്ന് കാത്തിരിക്കുന്നവര്‍ അറബിക്കടല്‍ തീരത്ത് ചെന്നിരുന്ന് തിരയെണ്ണുന്നാതാണ് നല്ലത്: പി.കെ. അബ്ദുറബ്ബ്
Kerala News
ലീഗിനെ പിരിച്ചുവിടും എന്ന് കാത്തിരിക്കുന്നവര്‍ അറബിക്കടല്‍ തീരത്ത് ചെന്നിരുന്ന് തിരയെണ്ണുന്നാതാണ് നല്ലത്: പി.കെ. അബ്ദുറബ്ബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th September 2022, 9:52 pm

കോഴിക്കോട്: പേരിലോ ചിഹ്നത്തിലോ സമുദായച്ചുവയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന സുപ്രീം കോടതിയിലെ ഹരജിയില്‍ പ്രതികരണവുമായി മുന്‍ മന്ത്രി പി.കെ. അബ്ദുറബ്ബ്. മുസ്‌ലിം ലീഗിനെ പിരിച്ചുവിടും എന്ന് കാത്തിരിക്കുന്നവര്‍ക്ക് അറബിക്കടല്‍ തീരത്ത് ചെന്നിരുന്ന് തിരയെണ്ണാവുന്നതാണെന്ന് പി.കെ. അബ്ദുറബ്ബ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം.

ഏഴരപ്പതിറ്റാണ്ടു കാലം ഇതേ പേരുമായാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തിച്ചത്, ഇതേ ഹരിത പതാക ഉയര്‍ത്തിപ്പിടിച്ചാണ് ലീഗ് ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളായത്. മുസ്‌ലിം ലീഗിനെ നിരോധിക്കണമെന്നും മുസ്‌ലിം ലീഗ് പേര് മാറ്റണമെന്നും
ആവശ്യപ്പെട്ട് മുമ്പും പലരും കോടതികള്‍ കയറിയിറങ്ങിയിട്ടുണ്ട്, തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചവരുമുണ്ട്.
അവരുടെയൊക്കെ ചെരുപ്പുകള്‍ തേഞ്ഞതു മാത്രം മിച്ചം.

പിന്നാക്ക മര്‍ദിത ന്യൂനപക്ഷങ്ങളെ രാജ്യത്തിന്റെ
ജനാധിപത്യ പ്രക്രിയകളില്‍ പങ്കാളികളാക്കുകയും,
പീഡിപ്പിക്കപ്പെടുന്ന ജനതയുടെ കണ്ണീരൊപ്പുകയും,
രാജ്യത്തിന്റെ പരമോന്നത സഭകളില്‍ അവര്‍ക്ക് വേണ്ടി ശബ്ദിക്കുകയും
ചെയ്യുക എന്നതാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ പ്രധാന ദൗത്യമെന്നും അബ്ദുറബ്ബ് പറഞ്ഞു.

‘മറ്റ് സമൂഹങ്ങള്‍ക്കോ, ഇതര സമുദായങ്ങള്‍ക്കോ
യാതൊരു പ്രയാസങ്ങളുമുണ്ടാക്കാതെ, അക്രമ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെ, സ്വസമുദായത്തിന്റെ നീതിക്കു വേണ്ടി ശബ്ദിക്കുന്നതും, പോരാടുന്നതും ഭരണഘടന നല്‍കുന്ന അവകാശമാണ്.
ആ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു തന്നെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്
ഈ ഇന്ത്യാ മഹാരാജ്യത്ത് നിലനില്‍ക്കും.

മുസ്‌ലിം ലീഗിനെ ഇതാ ഇപ്പോ പിരിച്ചുവിടും എന്ന് കാത്തിരിക്കുന്നവര്‍ക്ക് അറബിക്കടല്‍
തീരത്ത് ചെന്നിരുന്ന് തിരയെണ്ണുന്നതാവും അതിനേക്കാള്‍ നല്ലത്,’ പി.കെ. അബ്ദുറബ്ബ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് പേരിലോ ചിഹ്നത്തിലോ സമുദായച്ചുവയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹരജിയില്‍ നോട്ടീസ് അയച്ചത്. നാല് ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

മതാടിസ്ഥാനത്തിലോ പ്രീണനം വഴിയോ വോട്ട് തേടുന്നത് വിലക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഈ വിഷയത്തില്‍ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സയ്യദ് വാസിം റിസ്വി ആണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

ഈ ഹരജിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എം.ആര്‍. ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും, തെരഞ്ഞടുപ്പ് കമ്മീഷനും നോട്ടിസ് അയച്ചത്.

CONTENT HIGHLIGHTS:  P.K. Abdurrabb Says those who are waiting for the Muslim League to be disbanded should go to the shores of the Arabian Sea and search