കണ്ണൂര്‍: എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയാണെന്ന് പി. ജയരാജന്‍. ബുള്ളറ്റ് പ്രൂഫ് വാഹനമെന്ന പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച കൂട്ടരാണ് ഇതിന് പിന്നിലെന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇ.പി. ജയരാജന്‍ പാര്‍ട്ടിയുടെ സമുന്നത നേതാവാണ്. സി.പി.ഐ.എമ്മിനെ താറടിക്കാനുള്ള ശ്രമമാണ് ഇതുവഴി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘പാര്‍ട്ടിക്ക് അകത്ത് നടന്ന ചര്‍ച്ചകള്‍ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ല. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയിലെ തെറ്റ് തിരുത്തല്‍ രേഖ അംഗീകരിച്ചിരുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധത്തിനും തീരുമാനം എടുത്തു.
ഇ.പി. ജയരാജന്‍ റിസോര്‍ട്ട് നടത്തുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഞാന്‍ റിസോര്‍ട്ട് നിര്‍മിച്ച സ്ഥലത്ത് പോയിട്ടില്ല,’ പി. ജയരാജന്‍ പറഞ്ഞു.
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജനെതിരെ പി. ജയരാജന്‍ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചെന്നായിരുന്നു വാര്‍ത്തകള്‍.
കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണെമെന്ന് പി. ജയരാജന്‍ ആരോപിച്ചെന്നും വിവിധ ടി.വി ചാനലുകള്‍ പുറത്തുവിട്ട വര്‍ത്തകളില്‍ പറഞ്ഞിരുന്നു.