പാലക്കാട് : വര്‍ക്കലയില്‍ വഴിയാത്രക്കാരനായ ശിവപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത് സി.പി.ഐ.എമ്മുകാര്‍ തന്നെയാണന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് . സി.പി.ഐ.എമ്മില്‍ നിന്ന് പുറത്തുപോയ ദാസനും സംഘവും രൂപീകരിച്ച ഡി.എച്ച്.ആര്‍.എമ്മിനെ തകര്‍ക്കാനാണ് കുറ്റം അവരില്‍ ഏല്‍പ്പിച്ചതും അവരെ ഭീകരവാദികളെന്ന് മുദ്രകുത്തിയതും.
പട്ടികജാതിക്കാരോട് പാര്‍ട്ടി നീതി പുലര്‍ത്തുന്നില്ലെന്ന് സി.പി.ഐ.എമ്മിന്റെ ഏരിയ കമ്മിറ്റി യോഗത്തില്‍ ദാസന്‍ പരാതിപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതരായ പാര്‍ട്ടി നേതൃത്വം ദാസനെ പുറത്താക്കി.
ദാസന്റെ നേതൃത്വത്തില്‍ വര്‍ക്കലയിലെ പട്ടിക ജാതി കോളനികളില്‍ ആളുകളെ സംഘടിപ്പിച്ച് ഡി.എച്ച്.ആര്‍.എം രൂപീകരിച്ചു. നൂറ് കണക്കിന് പട്ടികജാതി കോളനികളില്‍ ഡി.എച്ച്.ആര്‍.എം സ്വാധീനമുറപ്പിച്ചത് സി.പി.ഐ.എമ്മിനെ ആശങ്കപ്പെടുത്തി.
മണല്‍മാഫിയക്കെതിരെ നിരന്തരം പരാതി നല്‍കുന്ന ശിവപ്രസാദിനെ സി.പി.ഐ.എമ്മുകാര്‍ കൊലപ്പെടുത്തി കുറ്റം ഡി.എച്ച്.ആര്‍.എമ്മില്‍ ചാര്‍ത്തുകയാണ് ഉണ്ടായത്. എഴുപതോളം പട്ടികജാതി ചെറുപ്പക്കാരെയാണ് നാണംകെട്ട പോലീസുകാര്‍ ക്രൂരമായി പീഡിപ്പിച്ചത്.ഡിഎച്ച്ആര്‍.എമ്മിന്റെ നേതാവ് ദാസന്റെ വൃഷ്ണം പോലീസ് ഉടച്ചു കളഞ്ഞു. സിപിഎമ്മുകാര്‍ തന്നെ നടത്തിയ ഈ കൊലപാതകത്തെ കുറിച്ച് അന്വേഷിച്ചാല്‍ കോടിയേരി ബാലകൃഷ്ണനും പ്രതിയാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.
2009ലാണ് വര്‍ക്കലയിലെ കൊലപാതകം നടന്നത്. അന്ന് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന ആരോപണം ഉയര്‍ന്നിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും മുന്നൂറോളം പേജ് വരുന്ന കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും കേസന്വേഷണം എവിടെയും എത്താതെ പോലീസ് ഉപേക്ഷിക്കുകയായിരുന്നു. കൊലയോടനുബന്ധിച്ച് കേരളത്തിലെ മിക്ക ദളിത് കോളനികളിലും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് അതിക്രമങ്ങള്‍ നടന്നിരുന്നു.