Kerala News
പാര വെച്ചത് ഉമ്മന്‍ ചാണ്ടി; യു.ഡി.എഫ് നേതാക്കള്‍ക്ക് മാന്യതയും മര്യാദയുമില്ല: മുന്നണിയില്‍ എടുക്കാത്തതിന് പിന്നാലെ പി.സി ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 27, 03:47 am
Saturday, 27th February 2021, 9:17 am

തിരുവനന്തപുരം: യു.ഡി.എഫ് നേതാക്കള്‍ വഞ്ചകന്മാരെന്ന് പി.സി ജോര്‍ജ്. പി.സി ജോര്‍ജിനെ മുന്നണിയിലേക്ക് എടുക്കില്ലെന്ന് അറിയിച്ചതിനെ പിന്നാലെയാണ് യു.ഡി.എഫിനെ വിമര്‍ശിച്ചുകൊണ്ട് പി.സി ജോര്‍ജ് രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യു.ഡി.എഫില്‍ പ്രവേശനം കിട്ടാതിരുന്നത് ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ വെളിപ്പെടുത്തലുണ്ടാകുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന ഭയത്തിലാണ് ഉമ്മന്‍ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് നേതാക്കള്‍ക്ക് മാന്യതയും മര്യാദയുമില്ലെന്നും വഞ്ചകരാണെന്നും ജോര്‍ജ് പറഞ്ഞു.

എന്‍.ഡി.എയുമായി ചര്‍ച്ച നടത്തുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞു. തീരുമാനം മാര്‍ച്ച് 3 അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പി.സി ജോര്‍ജിനെ യു.ഡി.എഫിലേക്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് യു.ഡി.എഫ് നേതൃത്വം ജോര്‍ജിനെ അറിയിച്ചത്. സ്വതന്ത്രനായാല്‍ പിന്തുണയ്ക്കാമെന്ന യു.ഡി.എഫ് നിലപാട് ജോര്‍ജ് തള്ളിയിരുന്നു. രണ്ട് സീറ്റുകളും മുന്നണി പ്രവേശനവുമായിരുന്നു പി.സി ജോര്‍ജ് യു.ഡി.എഫിന് മുന്നില്‍ വെച്ച ഡിമാന്റ്. എന്നാല്‍ രണ്ടും മുന്നണി നേതൃത്വം തള്ളി.

യു.ഡി.എഫ് നേതൃത്വത്തിന്റെ തീരുമാനം വന്നതിന് പിന്നാലെ എന്‍.ഡി.എ നേതാക്കളുമായി നാളെയും മറ്റന്നാളും സംസാരിക്കുമെന്ന് ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിന് കാര്യമായ സ്വാധീനം ഉണ്ടെന്നതും അതിനൊപ്പം ബി.ജെ.പി സംവിധാനവും ചേരുമ്പോള്‍ വിജയം ഉറപ്പാണെന്നാണ് എന്‍.ഡി.എ വിലയിരുത്തുന്നത്. മുന്നണിയിലേക്കെത്തിയാല്‍ പൂഞ്ഞാറിന് പുറമെ കാഞ്ഞിരപ്പള്ളി സീറ്റുകൂടി ബി.ജെ.പി വിട്ടുകൊടുത്തേക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: P C George against Oommen Chandy and UDF , Kerala Election 2021