Kerala News
സുരേന്ദ്രന് വികസനം സാധ്യമാകുന്നതില്‍ ബേജാറ്; തലയില്‍ മുണ്ടിട്ട് വികസനത്തിന് അള്ള് വെക്കുന്നു: മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 28, 12:16 pm
Tuesday, 28th March 2023, 5:46 pm

തിരുവനന്തപുരം: തലയില്‍ മാത്രമല്ല മുഖത്തും തൊപ്പി വെച്ച്, തലയില്‍ മുണ്ടിട്ട് കേരളത്തിന്റെ വികസനത്തിന് അള്ള് വെക്കുന്നത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും സംഘവും ആണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കെ.സുരേന്ദ്രന്‍ അടക്കമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ദേശീയപാത ഉള്‍പ്പെടെയുള്ള വികസനത്തിന് നേതൃത്വം കൊടുക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ജനങ്ങള്‍ക്കുവേണ്ടി വെയില്‍ ആയാലും മഴയായാലും എന്ത് കഠിനാധ്വാനവും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. സുരേന്ദ്രന്, കേരളത്തില്‍ മുമ്പ് ഇല്ലാത്ത വികസനം സാധ്യമാകുന്നതിലുള്ള ബേജാറാണ്.

2014ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ദേശീയപാത 66 ന്റെ വികസനം ഉപേക്ഷിക്കുന്ന സ്ഥിതിയില്‍ എത്തിയതാണ്. പദ്ധതി മുന്നോട്ടു പോവില്ലെന്ന് കാണിച്ച് ദേശീയപാത അതോറിറ്റി സംസ്ഥാന സര്‍ക്കാറിന് കത്തെഴുതിയിരുന്നു. 2016ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വെച്ചത്.

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കല്‍ ആയിരുന്നു ഏറ്റവും വലിയ പ്രശ്‌നം. സ്ഥലം ഏറ്റെടുക്കല്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കും എന്നും പദ്ധതിക്ക് 25 ശതമാനം തുക നല്‍കാമെന്നും മുഖ്യമന്ത്രി കേന്ദ്രത്തിന് ഉറപ്പ് നല്‍കി.

എന്നാല്‍ ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ സമീപനം എന്താണ്. കേരളത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ അനുവദിക്കരുതെന്ന് കാണിച്ച് 2018 സെപ്റ്റംബര്‍ നാലിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കേന്ദ്രമന്ത്രിക്ക് കത്തെഴുതി. ദേശീയപാതയുടെ വികസനത്തില്‍ ബി.ജെ.പിയുടെ പങ്ക് എന്താണെന്ന് ഇത് വ്യക്തമാക്കുന്നു,’ അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പ് സുരേന്ദ്രന്‍ ഗെയില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ പിണറായിക്ക് സാധിക്കില്ലെന്നും ഇത് പൂര്‍ത്തിയാക്കിയാല്‍ അദ്ദേഹത്തെ നിശ്ചയദാര്‍ഢ്യമുള്ള നേതാവായി കാണുമെന്ന് പറഞ്ഞിരുന്നുവെന്നും റിയാസ് പറഞ്ഞു.

‘2016 മെയ് 31ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി ദേശീയപാത വികസനവും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കലും ആണ് എന്നാണ് അതില്‍ പറഞ്ഞിരുന്നത്.

അതത്ര എളുപ്പമാവില്ല എന്നും മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പ് അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഒരിക്കലും അത് സാധ്യമാകില്ലെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞു. ഇത്രയും പൂര്‍ത്തിയാക്കിയാല്‍ മുഖ്യമന്ത്രിയെ നിശ്ചയദാര്‍ഢ്യം ഉള്ള നേതാവായി കാണുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. തികഞ്ഞ ഇരട്ടത്താപ്പാണ് സുരേന്ദ്രന്റേത്.

ദേശീയപാത വികസനത്തിന് സംസ്ഥാന ഗവണ്‍മെന്റ് കാലണ നല്‍കിയിട്ടില്ല എന്നാണ് സുരേന്ദ്രന്റെ മറ്റൊരു ആക്ഷേപം. ഇതിനുള്ള ഉത്തരം പാര്‍ലമെന്റില്‍ മാര്‍ച്ച് 23ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ചോദ്യത്തിന് ഉത്തരമായി നല്‍കിയിട്ടുണ്ട്.

ദേശീയപാത അതോറിറ്റിക്ക് സംസ്ഥാന സര്‍ക്കാര്‍ 5519 കോടി രൂപ നല്‍കിയതായി ഹൈബി ഈഡന്‍ എം.പിയുടെ ചോദ്യത്തിന് ഗഡ്കരി മറുപടി നല്‍കിയിട്ടുണ്ട്. കേരളം മാത്രമാണ് ഇത്രയും തുക കൊടുത്ത സംസ്ഥാനം. എല്ലാ പദ്ധതികള്‍ക്കും 25 ശതമാനം തുക കൊടുക്കാം എന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു എന്ന സുരേന്ദ്രന്റെ വാദം അടിസ്ഥാന രഹിതമാണ്. ദേശീയപാത 66 ന്റെ വികസനത്തിന് മാത്രമാണ് ഇത് ഉറപ്പ് നല്‍കിയത്,’ മന്ത്രി പറഞ്ഞു.

സംസ്ഥാന വകുപ്പിന് കീഴിലാണ് 500ഓളം കിലോമീറ്റര്‍ ദേശീയപാതയെന്നും ഇക്കാര്യങ്ങളൊക്കെ സുരേന്ദ്രന്‍ അറിയാമോ എന്നും അദ്ദേഹം ചോദിച്ചു. ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ദേശീയപാത അതോറിറ്റി തന്നെ അഭിനന്ദിച്ചിട്ടുണ്ടെന്നും ഇനി അതിന്റെ പേരില്‍ അവരെ സ്ഥലം മാറ്റരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘500 ഓളം കിലോമീറ്റര്‍ ദേശീയപാത ഇപ്പോഴും സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. ഇതില്‍ ദേശീയപാത 766 ല്‍ അടിമാലി – കുമളി, മലാപ്പറമ്പ് – പുതുപ്പാടി റോഡ് വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി സമര്‍പ്പിക്കുകയും അത് കേന്ദ്രം അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കാര്യം സുരേന്ദ്രന് അറിയുമോ എന്നറിയില്ല. കേന്ദ്രത്തിന്റെ സഹായം ഔദാര്യമാണ് എന്ന നിലയിലാണ് സുരേന്ദ്രന്‍ സംസാരിക്കുന്നത്. ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ദേശീയപാത അതോറിറ്റി തന്നെ അഭിനന്ദിച്ചിട്ടുണ്ട്. ഇനി അതിന്റെ പേരില്‍ അവരെ സ്ഥലം മാറ്റരുത്. മന്ത്രി നിതിന്‍ ഗഡ്കരിയും സംസ്ഥാന സര്‍ക്കാരിന്റെ പങ്കിനെ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.

എന്ത് ആക്ഷേപം പറഞ്ഞാലും, എന്ത് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചാലും ദേശീയപാത അതോറിറ്റിയുമായി ചേര്‍ന്ന് ദേശീയ പാത 66 ന്റെ വികസനം 2025 ഓടെ പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമവും സംസ്ഥാന സര്‍ക്കാര്‍ നടത്തും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ദേശീയപാത വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു പങ്കും ഇല്ലെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പൊതുമരാമത്ത് മന്ത്രി തലയില്‍ ചട്ടിത്തൊപ്പി വെച്ച് റോഡിലൂടെ നടക്കുകയാണെന്നുമുള്ള സുരേന്ദ്രന്റെ ആക്ഷേപത്തിന് മറുപടി പറയുകയായിരുന്നു റിയാസ്.

content highlight: p.a. muhammed riyas responds k. surendran’s statement against about  him