Advertisement
Daily News
ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന പാലില്‍ അടങ്ങിയിരിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രാസവസ്തുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Mar 16, 03:18 pm
Wednesday, 16th March 2016, 8:48 pm

milk

ന്യൂദല്‍ഹി: ഇന്ത്യയില്‍ വില്‍ക്കുന്ന പാലുകളില്‍ 68 ശതമാനവും മായം ചേര്‍ത്തതും  ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവയുമാണെന്ന് റിപ്പോര്‍ട്ട്. മനുഷ്യശരീരത്തിന് ഏറെ ദോഷകരമായ കാസ്റ്റിക് സോഡ, സോപ്പ്, വൈറ്റ് പെയിന്റ് എന്നിവയടങ്ങിയ മായമുള്ള പാലാണ് രാജ്യത്ത് വില്‍ക്കപ്പെടുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍

ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഹര്‍ഷവര്‍ധനാണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാലില്‍ ഇത്തരം മാരക രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്നു സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍  40 സെക്കന്റ് കൊണ്ട് പാലിലെ മായം തിരിച്ചറിയാന്‍ പറ്റുന്ന അത്യാധുനിക ഉപകരണം രാജ്യത്ത് വികസിപ്പിച്ചെടുത്തതായി അദ്ദേഹം ചോദ്യോത്തര വേളയില്‍ അറിയിച്ചു.

പാലിലെ മായം കണ്ടെത്തുന്നതിനായി നേരത്തെ വ്യത്യസ്തമായ പരിശോധനകള്‍ ആവശ്യമായിരുന്നു. ഓരോ മായവും പരിശോധിക്കാന്‍ വ്യത്യസ്തമായ കെമിക്കലുകളും ഉപയോഗിക്കേണ്ടി വന്നു. എന്നാലിപ്പോള്‍ കണ്ടുപിടിച്ച സ്‌കാനര്‍കൊണ്ട് പാലിലെ എല്ലാ മായവും കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു

സ്‌കാനറുകള്‍ക്ക് ഇപ്പോള്‍ കൂടിയ വിലയാണെങ്കിലും ഓരോ പരിശോധനയ്ക്കും ഒരു വെറും 10 പൈസ മാത്രമേ ചെലവ് വരികയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പാല്‍ ശേഖരിക്കുന്ന രണ്ട് ലക്ഷത്തോളം ഗ്രാമങ്ങളുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.