കോട്ടയം: പള്ളികളിലെ അധികാരത്തര്‍ക്കം തുടരുന്നതിനിടെ ഓര്‍ത്തഡോക്സ് സഭയുമായുള്ള എല്ലാ കൂദാശബന്ധങ്ങളും യാക്കോബായ സുറിയാനി സഭ അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച സഭയുടെ പ്രാദേശിക എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനത്തിന് ആകമാന സുറിയാനിസഭയുടെ പരമാധ്യക്ഷന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ അനുമതി നല്‍കി.
വിവാഹം, മാമോദീസ, ശവസംസ്‌കാരം തുടങ്ങിയ ചടങ്ങുകളില്‍ പുതിയ തീരുമാനം ബാധകമാകും.
യാക്കോബായ വിശ്വാസികളുടെ ചടങ്ങുകളില്‍ ഓര്‍ത്തഡോക്സ് വൈദികരെ ഇനിമുതല്‍ പങ്കെടുപ്പിക്കേണ്ടെന്നാണ് സുന്നഹദോസ് തീരുമാനം. നിലവില്‍ കുടുംബബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഇരുവിഭാഗങ്ങളിലെയും വൈദികര്‍, ദേവാലയച്ചടങ്ങുകളിലും മറ്റ് ശുശ്രൂഷകളിലും പരസ്പരം പങ്കെടുക്കാറുണ്ട്.
മാമോദീസ ചടങ്ങുകള്‍ യാക്കോബായ പള്ളികളില്‍ത്തന്നെ നടത്തണമെന്നും നിര്‍ദേശമുണ്ട്. വിവാഹചടങ്ങുകള്‍ക്ക് ഓര്‍ത്തഡോക്സ് പള്ളികളില്‍നിന്നുള്ള ‘ദേശകുറി’ സ്വീകരിക്കുകയോ യാക്കോബായ പള്ളികളില്‍നിന്ന് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് അത് നല്‍കുകയോ ചെയ്യില്ല.