കൊച്ചി: ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാര്‍ഹമെന്ന് ഓര്‍ത്തഡോക്‌സ് സഭ. ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട പദ്ധതികളും ആനുകൂല്യങ്ങളും ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി ഒതുങ്ങുന്നുവെന്നും ഓര്‍ത്തഡോക്‌സ് വൈദിക ട്രസ്റ്റി ഫാ. എം. ഒ ജോണ്‍ പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരു മതത്തന്റെയോ സംഘടനയുടേയോ കുത്തകയല്ല. വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതോടെ ഇത്തരം പരാതിക്ക് പരിഹാരമുണ്ടാകണമെന്നും ഫാ. എം. ഒ ജോണ്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിലല്ല കാര്യം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിലാണെന്നും സഭ പറഞ്ഞു.
പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും ആര്‍ജവം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ തെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്ന് വിജയിച്ച സി.പി.ഐ.എം സ്വതന്ത്രന്‍ വി. അബ്ദുറഹ്‌മാന് ന്യൂനപക്ഷക്ഷേമ വകുപ്പ് നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്. മെയ് 20 ന് പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസമിറങ്ങിയ സി.പി.ഐ.എം മുഖപത്രമായ ദേശാഭിമാനിയിലും വി. അബ്ദുറഹ്‌മാന് ന്യൂനപക്ഷ-പ്രവാസിക്ഷേമ വകുപ്പുകള്‍ നല്‍കാന്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ അപ്രതീക്ഷിതമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്തത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് കെ.സി.ബി.സിയുടെ പ്രതികരണം. മറ്റ് സഭകളും പരോക്ഷമായി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
അതേസമയം ന്യൂനപക്ഷ വകുപ്പ് സമുദായക്കാരില്‍ നിന്ന് മാറ്റിയത് ഇന്‍സള്‍ട്ടാണെന്നാണ് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. ഇതിനെതിരെയാണ് ഓര്‍ത്തഡോക്‌സ് രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം ചില മുസ്‌ലിം സംഘടനകളും മുഖ്യമന്ത്രിയുടെ തീരുമാനത്തെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു.
ജനാധിപത്യ സംവിധാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മുന്നണി സര്‍ക്കാറിന്റെ വകുപ്പുകള്‍ തീരുമാനിക്കാനും ആര്‍ക്കൊക്കെയെന്ന് നിര്‍ണയിക്കാനുമുള്ള അധികാരം നേതൃത്വം നല്‍കുന്ന ഉത്തരവാദപ്പെട്ടവര്‍ക്കൊണെന്നാണ്
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞത്. സമസ്ത അതില്‍ ഇടപെടാറില്ലെന്നും മുത്തുകോയ തങ്ങള്‍ വ്യക്തമാക്കി.
വകുപ്പ് മറ്റാരെക്കാളും ഇച്ഛാശക്തിയോടെ കൈകാര്യം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് കഴിയുമെന്നും അതിന് അദ്ദേഹം അര്‍ഹനാണന്നുമാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്തതില്‍ പിന്തുണ പ്രഖ്യാപിച്ച് കാന്തപുരം വിഭാഗം രംഗത്തെത്തിയിരുന്നു. ചില വിഭാഗങ്ങളെ പ്രത്യേക വകുപ്പുകളിലേക്ക് ചുരുക്കുന്ന സ്ഥിരം കാഴ്ചകള്‍ക്ക് പകരം അവര്‍ക്ക് പൊതു വകുപ്പുകള്‍ നല്‍കി. ആ അര്‍ത്ഥത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുത്തത് നല്ല കാര്യമാണെന്നാണ് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞത്.