വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല; കേരളത്തിന്റെ സാമ്പത്തികസ്ഥിതി സര്‍ക്കാര്‍ മറച്ചുവെക്കുന്നു; കടബാധ്യതയും കിട്ടാനുള്ള പണവും സംബന്ധിച്ച് ധവളപത്രം പുറത്തിറക്കണം: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അഴിമതിയും കെടുകാര്യസ്ഥതയും കാരണമുണ്ടായ കടബാധ്യതകളാണ് കെ.എസ്.ഇ.ബിക്ക് ഇപ്പോഴുള്ളതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
”അഴിമതി കാരണമുണ്ടായ കടബാധ്യതകളാണ് കെ.എസ്.ഇ.ബിക്ക് ഇപ്പോഴുള്ളത്. അഴിമതിയും കെടുകാര്യസ്ഥതയുമുണ്ടാക്കിയ വലിയ ബാധ്യതയിലേക്ക് വൈദ്യുതി ബോര്‍ഡ് പോകുമ്പോള്‍ ഭാരം മുഴുവന്‍ സാധാരണക്കാരായ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനുള്ള തീരുമാനത്തില്‍ ഞങ്ങള്‍ അതിശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഒരു കാരണവശാലും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ട സാഹചര്യമല്ല ഇന്നുള്ളത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ജനങ്ങള്‍ പോകുന്ന സമയമാണ്. ഈ സാഹചര്യത്തിലാണ് സാധാരണക്കാരന് താങ്ങാന്‍ കഴിയാത്ത വലിയ ഭാരം വൈദ്യുതി ബോര്‍ഡ് നിരക്ക് വര്‍ധനവിലൂടെ ഉണ്ടായിരിക്കുന്നത്.
ഇതിന് മുമ്പ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ഉടനെ വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചു. ആളുകള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലേക്ക് പോകുന്ന സ്ഥിതിയാണ്,” വി.ഡി. സതീശന്‍ പറഞ്ഞു.
കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് പുതിയ കാര്‍ വാങ്ങാന്‍ തീരുമാനമെടുത്തതിനെക്കുറിച്ചും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
”കേരളത്തിലെ മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെയൊന്നും ഞാന്‍ വിമര്‍ശിക്കുന്നില്ല. പക്ഷെ എന്തുകൊണ്ടാണ് സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നത്. ഒന്ന്, വരുമാനമില്ല, നികുതി പിരിവില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ നികുതി പിരിച്ചെടുക്കാന്‍ കഴിയുന്നില്ല. രണ്ട്, ധൂര്‍ത്താണ്, ആവശ്യമില്ലാത്ത കാര്യത്തിനെല്ലാം പണം ചിലവാക്കുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാരിന്റെ മുന്‍ഗണന എന്താണ്. കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ നിരീക്ഷണത്തില്‍ ഇന്ത്യയിലെ ഏറ്റവും അപകടകരമായ സാമ്പത്തിക പ്രശ്‌നങ്ങളുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഇത് കേരളം ഉണ്ടാക്കിവെച്ചതാണ്.
ജി.എസ്.ടിയുടെ നഷ്ടപരിഹാരം ഇപ്പോള്‍ തീരും. കമ്മി ബജറ്റിന് കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്ന നഷ്ടപരിഹാരത്തുകയും ഉടനെ തീരും. ഇത് രണ്ടും ഇല്ലാതായാല്‍ ശമ്പളം കൊടുക്കാന്‍ പോലും പണമില്ലാതെയാകും. അതിനിടയിലാണ് ഒരുപാട് ധൂര്‍ത്തുകള്‍ വരുന്നത്.
സര്‍ക്കാരിന്റെ കടബാധ്യത സംബന്ധിച്ച ഒരുപാട് സംശയങ്ങള്‍ ജനങ്ങള്‍ക്കിടയിലുണ്ട്. ഈ കടബാധ്യത സംബന്ധിച്ചും കിട്ടാനുള്ള പണം സംബന്ധിച്ചും ഒരു ധവളപത്രം സര്‍ക്കാര്‍ അടിയന്തരമായി പുറപ്പെടുവിക്കണം.
ഈ സാമ്പത്തിക സ്ഥിതിയുടെ കുഴപ്പങ്ങളും ബാധ്യതകളും സര്‍ക്കാര്‍ മറച്ചുവെക്കുകയാണ്. അടുത്തമാസം ശമ്പളം കൊടുക്കാന്‍ പണമുണ്ടാവില്ലെന്ന് ഇടയ്ക്ക് ധനകാര്യ മന്ത്രി അറിയാതെ പറയുന്നുണ്ട്.
മുഖ്യമന്ത്രി കാര്‍ വാങ്ങുന്നതിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. അടുത്തമാസം ശമ്പളം കൊടുക്കാന്‍ പണമില്ല, എന്ന് ധനകാര്യ മന്ത്രി പറയുമ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ എല്ലാ കാര്യത്തിലും ഇങ്ങനെ ധൂര്‍ത്തടിക്കുന്നത്. ധനകാര്യ വകുപ്പിന് ഇതില്‍ ഒരു നിയന്ത്രണവുമില്ല, റോളില്ല, നിഷ്‌ക്രിയമായി നില്‍ക്കുകയാണ്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടക്കുന്നത്,” പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തതുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട്ടില്‍ വന്ന് നടത്തിയ ആഹ്വാനം കേട്ട് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്താന്‍ ഇറങ്ങിയിരിക്കുകയാണ് സി.പി.ഐ.എമ്മുകാരെന്നും അതിനുള്ള ശേഷി ബി.ജെ.പിക്കാര്‍ക്കില്ലാത്തതിനാല്‍ ആ ക്വട്ടേഷന്‍ സി.പി.ഐ.എമ്മുകാര്‍ ഏറ്റെടുത്തതാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. എന്നാല്‍ അതിന് ശേഷിയുള്ളവര്‍ സി.പി.ഐ.എമ്മിലുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കിഡ്‌നി രോഗികള്‍ക്കും ഹൃദയസംബന്ധമായ രോഗികള്‍ക്കും വേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്ന പദ്ധതികളുടെയെല്ലാം ഫയലുകള്‍ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐക്കാരെ ഉപയോഗിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി മോഷ്ടിച്ചുകൊണ്ട് പോയെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ന് വയനാട്ടില്‍ സിപി.ഐ.എം മാര്‍ച്ച് നടത്തുന്നത് ആര്‍ക്കെതിരെയാണെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സി.പി.ഐ.എമ്മുകാരെ കാണുമ്പോള്‍ മൊത്തത്തില്‍ ഒരു കിളി പറന്നുപോയോ എന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlight: Opposition leader VD Satheesan says there was no need to increase the electricity rates in Kerala