കൊല്ലം: സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച എ.കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് സതീശന്‍ പറഞ്ഞു. രാജിക്ക് തയ്യാറായില്ലെങ്കില്‍ ശശീന്ദ്രനെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
‘ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ മന്ത്രി പദവിയില്‍ ഇരിക്കുന്ന ഒരാള്‍ ഇടപെട്ട് നീതി അട്ടിമറിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. മന്ത്രിക്കെതിരെ യുവതിയുടെ പിതാവ് ഉന്നയിച്ചത് ഗുരുതര പരാതിയാണ്. മന്ത്രി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരിക്കുകയാണ്. ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ എ.കെ. ശശീന്ദ്രന്‍ യോഗ്യനല്ല,’ വി.ഡി. സതീശന്‍ പറഞ്ഞു.
എന്‍.സി.പി. സംസ്ഥാന നിര്‍വാഹക സമിതിയംഗം ജി. പത്മാകരനെതിരെയുള്ള സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചതായുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്തായത്.
കൊല്ലത്തെ പ്രാദേശിക എന്‍.സി.പി. നേതാവിന്റെ മകളുടെ പരാതിയിലാണ് മന്ത്രിയുടെ ഇടപെടല്‍. നല്ല നിലയില്‍ വിഷയം തീര്‍ക്കണമെന്നാണ് മന്ത്രി പറയുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായിരുന്നു യുവതി. പ്രചാരണ സമയത്ത് ഇവരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പത്മാകരന്‍ കയ്യില്‍ കയറിപ്പിടിച്ചു എന്നാണ് പരാതി.