India
ദല്‍ഹി ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് കോണ്‍ഗ്രസിന്റെ ആഭ്യന്തരമന്ത്രി രാജിവെച്ചിരുന്നു; അമിത് ഷായ്‌ക്കെതിരെ സഞ്ജയ് റാവത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 03, 11:05 am
Tuesday, 3rd March 2020, 4:35 pm

മുംബൈ: ദല്‍ഹി കലാപത്തിന്റെ മുഴുവന്‍ ഉത്തവാദിത്തവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കേന്ദ്രസര്‍ക്കാരിനെ ചോദ്യം ചെയ്യാനും ആഭ്യന്തരമന്ത്രിയുടെ രാജി ആവശ്യപ്പെടാനുമുള്ള അധികാരമുണ്ടെന്നും റാവത്ത് പറഞ്ഞു.

ദല്‍ഹി കലാപം വൈകാരിക വിഷയമാണ്. ആഭ്യന്തരമന്ത്രാലയത്തിന് മാത്രമാണ് ഇതില്‍ ഉത്തരവാദിത്തം. പ്രതിപക്ഷത്തിന് ഈ വിഷയത്തെ ചോദ്യം ചെയ്യാന്‍ അധികാരമുണ്ട്. രാജിയും ആവശ്യപ്പെടാം. പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സഭയിലെത്തി മറുപടി തരികയാണ് വേണ്ടത്’, അദ്ദേഹം പറഞ്ഞു.

2004 മുതല്‍ 2008 വരെ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്തിരുന്ന ശിവരാജ് പാട്ടീല്‍ ദല്‍ഹിയില്‍ നടന്ന ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് അന്ന് രാജിവെച്ചിരുന്നു. ഇന്ന് സര്‍ക്കാരിന്റെ ഭാഗമായവര്‍ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവാതിരിക്കുകയും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുകയുമാണ്’, റാവത്ത് പറഞ്ഞു.

ദല്‍ഹി അക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന മുഖപത്രമായ സാമ്ന എഡിറ്റോറിയല്‍ എഴുതിയിരുന്നു. ‘കോണ്‍ഗ്രസോ മറ്റ് ഏതെങ്കിലും പാര്‍ട്ടിയോ ആണ് കേന്ദ്രത്തില്‍ അധികാരത്തിലുണ്ടായിരുന്നതെങ്കില്‍ ആഭ്യന്തരമന്ത്രിയുടെ രാജി ബി.ജെ.പി ആവശ്യപ്പെടുമായിരുന്നെന്നായിരുന്നു ശിവസേന വ്യക്തമാക്കിയത്.

കലാപം രാജ്യതലസ്ഥാനത്തെ നടുക്കിയപ്പോള്‍ അമിത് ഷാ എവിടെയായിരുന്നുവെന്ന ചോദ്യവും ശിവസേന ഉന്നയിച്ചിരുന്നു.

‘കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എവിടെയും കാണാനില്ല. ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് വീടുകള്‍ തോറും കയറിയിറങ്ങി ലഘുലേഖകള്‍ വിതരണം ചെയ്യാനും റാലികള്‍ നടത്താനും സമയം കണ്ടെത്തിയ അമിത് ഷായ്ക്ക് ഇപ്പോള്‍ ദല്‍ഹിയിലെത്താന്‍ സമയമില്ല. നിരവധി പേര്‍ കൊല്ലപ്പെട്ടതും വ്യാപകമായി അക്രമങ്ങള്‍ നടന്നതും അമിത് ഷാ കണ്ടില്ല എന്നത് ആശ്ചര്യകരമാണെന്നും’ സാമ്നയിലൂടെ ശിവസേന വിമര്‍ശിച്ചിരുന്നു.

കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ബി.ജെ.പി നേതാക്കളായ പര്‍വേഷ് മിശ്ര, കപില്‍ മിശ്ര എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട ജഡ്ജിയെ കേന്ദ്രസര്‍ക്കാര്‍ സ്ഥലംമാറ്റിയ നടപടിയേയും സാമ്‌ന കുറ്റപ്പെടുത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ