തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ നിയമിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ അസംബന്ധമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ട്വിറ്ററിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിട്ടും യു.ഡി.എഫിന് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനായിട്ടില്ല.
വി. ഡി സതീശന്‍ പ്രതിപക്ഷ നേതാവാകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയ്ക്കായി വാദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് വരുന്ന മാധ്യമ വാര്‍ത്തകള്‍ അസംബന്ധമാണൈന്നാണ് അദ്ദേഹം പറയുന്നത്.
‘എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിന് ശേഷം ഇത് സംബന്ധിച്ച് ആരുമായും ബന്ധപ്പെട്ടിട്ടില്ല. മാധ്യമ വാര്‍ത്തകള്‍ അസത്യമാണ്,’ എന്നാണ് ഉമ്മന്‍ ചാണ്ടി ട്വിറ്ററില്‍ പ്രതികരിച്ചത്.
അതേസമയം ഉമ്മന്‍ ചാണ്ടി ചെന്നിത്തലയ്ക്കായി സമ്മര്‍ദ്ദം ചെലുത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ നിരവധി കോണ്‍ഗ്രസ് അനുകൂലികള്‍ ഇതിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടി രാജീവ് ഗാന്ധിയുടെ ഓര്‍മദിവസത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന് താഴെയും കോണ്‍ഗ്രസ് അനുകൂല പ്രൊഫൈലുകളില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് വന്നത്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പിസമാണെന്നും ചെന്നിത്തലയ്ക്കായി വാദിക്കുന്ന നിലപാട് മാറ്റണമെന്നും ഇവര്‍ പറയുന്നു. വി.ഡി സതീശനെ പ്രതിപക്ഷ നേതാവും കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനുമാക്കിയാലേ കോണ്‍ഗ്രസ് ശരിയാവൂ എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയും രംഗത്തെത്തിയിരുന്നു. ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തു. കോണ്‍ഗ്രസില്‍ സമസ്ത മേഖലയിലും മാറ്റം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണമെന്ന് മുരളീധരനും ആവശ്യപ്പെട്ടു.
പരാജയത്തിന് കാരണം പാര്‍ട്ടിക്ക് ശരിയായ അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. എനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. ഞാന്‍ മാറിത്തരാന്‍ തയ്യാറാണ് എന്നാണ് മുരളീധരന്‍ പറഞ്ഞത്.