രാജ്യദ്രോഹിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തക ബര്‍ഖാദത്തിനെതിരെ നവമാധ്യമങ്ങളില്‍ വധഭീഷണിയും നുണപ്രചരണവും. ശനിയാഴ്ച തനിക്ക് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഫേസ്ബുക്കിലൂടെ ബര്‍ഖ തന്നെയാണ് പുറത്തറിയിച്ചത്.
ന്യൂദല്‍ഹി: രാജ്യദ്രോഹിയെന്നാരോപിച്ച് മാധ്യമപ്രവര്‍ത്തക ബര്‍ഖാദത്തിനെതിരെ നവമാധ്യമങ്ങളില്‍ വധഭീഷണിയും നുണപ്രചരണവും. ശനിയാഴ്ച തനിക്ക് ലഭിച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ഫേസ്ബുക്കിലൂടെ ബര്‍ഖ തന്നെയാണ് പുറത്തറിയിച്ചത്. ഭീഷണിപ്പെടുത്തുന്നവര്‍ വിഷം ചീറ്റല്‍ തുടരട്ടെയെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനവുമായി താന്‍ മുന്നോട്ടു പോകുമെന്നും ബര്‍ഖാ ഫേസ്ബുക്കില്‍ പറഞ്ഞു.
പാക് അധിനിവേശ കശ്മീരിലെ ഭീകര ക്യാമ്പുകളില്‍ ആക്രമണം നടത്തിയ വിവരം പാകിസ്ഥാനെ അറിയിച്ചെന്ന ഡി.ജി.എം.ഒ രണ്‍ബീര്‍ സിങ്ങിന്റെ പ്രസ്താവന ബര്‍ഖദത്ത് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യ നടത്തിയ സൈനിക നീക്കത്തെ കുറിച്ച് ബര്‍ഖ പാകിസ്ഥാനെ അറിയിച്ചെന്ന് വളച്ചൊടിച്ചാണ് കുപ്രചരണം.
ബര്‍ഖ രാജ്യദ്രോഹം ചെയ്‌തെന്നും ട്വിറ്ററിലല്ലാതെ ഇന്ത്യയുടെ ഏതെങ്കിലും തെരുവില്‍ നിന്നും ഇതു പറയാന്‍ ധൈര്യമുണ്ടോയെന്നും വാട്‌സ് ആപ്പ് സന്ദേശത്തില്‍ പറയുന്നു.
എന്നാല്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നവര്‍ വിഷം ചീറ്റട്ടെയെന്നും മാധ്യമപ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്നും ഇതിനുള്ള മറുപടിയായി ബര്‍ഖ പറയുന്നു. വിവരക്കേടായി ഇത്തരം ഭീഷണികളെ കാണാനാവില്ലെന്നും മറിച്ച് വളരെ ആസൂത്രിതമായ വിദ്വേഷം പ്രചരിപ്പിക്കുകയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യമെന്നും ബര്‍ഖ പറയുന്നു.
പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഭീഷണി സന്ദേശം തനിക്കെതിരായ അക്രമണത്തിനുള്ള ആഹ്വാനമാണെന്നും ബര്‍ഖ പറയുന്നു.