ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ശക്തമായി നടക്കുന്നുവെന്ന് മന്‍ കി ബാത്തില്‍ പ്രധാന മന്ത്രി
National
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ശക്തമായി നടക്കുന്നുവെന്ന് മന്‍ കി ബാത്തില്‍ പ്രധാന മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th August 2018, 6:16 pm

ന്യൂദല്‍ഹി: രാജ്യത്തെ നിയമസഭ തെരഞ്ഞെടുപ്പും, ലോക്‌സഭാ തെരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ മന്‍ കി ബാത്ത് പരിപാടിയിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ പ്രധാന മന്ത്രി പറഞ്ഞത്.

ഈ ചര്‍ച്ചകള്‍ കാണിക്കുന്നത് ആരോഗ്യകരമായ ജനാധിപത്യ വ്യവസ്ഥയെയാണെന്നും മോദി പറഞ്ഞു. ഈ വര്‍ഷം ലോക്‌സഭാ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പ്രസ്താവന.


ALSO READ: “അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധകക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം”; ഇടതുപക്ഷത്തിന് ഒരുപാട് ചെയ്യാനുണ്ടെന്ന് അമര്‍ത്യാസെന്‍


ഈ മാസമാദ്യം ഒരു ഡസനിലധികം സംസ്ഥാനങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താന്‍ ആലോചിക്കുന്നതായി ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് ഭരണഘടനാ ഭേദഗതി ആവശ്യമില്ലെന്നായിരുന്നു ഇവരുടെ നിലപാട്.

ബി.ജെ.പി, അകാലിദള്‍, അണ്ണാ ഡി.എം.കെ, സമാജ്‌വാദി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി എന്നിവര്‍ ഈ തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ഡി.എം.കെ, തെലുങ്ക് ദേശം പാര്‍ട്ടി, സി.പി.ഐ.എം, സി.പി.ഐ തുടങ്ങിയ പാര്‍ട്ടികള്‍ ഈ നീക്കത്തിന് എതിരാണ്.


ALSO READ: നാനാതുറകളില്‍ നിന്നുള്ളവര്‍ കേരളത്തിന് സഹായവുമായി വന്നു; ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്നു പ്രധാനമന്ത്രി


ഇങ്ങനെയൊരു നീക്കം നടത്തണമെങ്കില്‍ ഭരണഘടനാ ഭേദഗതി വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്തിന്റെ നിലപാട്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 24 ലക്ഷം വോട്ടിംഗ് യന്ത്രങ്ങളാണ് വേണ്ടിവരിക.