സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രോഗം വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിക്ക്
coronavirus
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ; രോഗം വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd February 2020, 12:32 pm

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് മൂന്നാമത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിക്കാണ് രോഗ ബാധ. വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിലവില്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥിയുള്ളത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസും കേരളത്തിലാണ്. ഞായറാഴ്ചവരെ നടത്തിയ പരിശോധനയില്‍ ആലപ്പുഴയിലെയും തൃശ്ശുരിലെയും ഓരോ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് പേരെ കൂടി അറസ്റ്റുചെയ്തു. എസ്.എന്‍പുരം സ്വദേശിനി ഷംല, പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാല്‍ എന്നിവരെയാണ് അറസ്റ്റുചെയ്തതെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചു.

DoolNews Video