ബീഹാറില്‍ കാലിടറിയാല്‍ പഴി നിതീഷിന്, ഭരണം നേടിയാല്‍ കയ്യടി മോദിക്ക്; എന്‍.ഡി.എക്കുള്ളില്‍ 'കുരുങ്ങി' ജെ.ഡി.യു
Bihar Election
ബീഹാറില്‍ കാലിടറിയാല്‍ പഴി നിതീഷിന്, ഭരണം നേടിയാല്‍ കയ്യടി മോദിക്ക്; എന്‍.ഡി.എക്കുള്ളില്‍ 'കുരുങ്ങി' ജെ.ഡി.യു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th November 2020, 9:36 am

പട്‌ന: വോട്ടെണ്ണാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കേ ബീഹാറി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.

ഇത്തവണ ബീഹാര്‍ മഹാസഖ്യത്തിനൊപ്പമാണോ, അതോ എന്‍.ഡി.എക്കൊപ്പമാണോ എന്നത് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. എങ്കിലും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബീഹാര്‍ തേജസ്വിക്കൊപ്പം നില്‍ക്കുമെന്നാണ് സൂചനകള്‍.

മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാറില്‍ വോട്ടെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകള്‍ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ സാധ്യത കൂടുതല്‍ തേജസ്വി യാദവിന് ആണ്.

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാവുക ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനാണ്. എന്‍.ഡി.എക്കകത്ത് നിതീഷിന് കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ തോറ്റാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നിതീഷിന്റെ തലയിലാകും. ഇനി ജയിക്കുകയാണെങ്കില്‍ കയ്യടി ലഭിക്കുക മോദിക്കായിരിക്കും.

നിതീഷ് കുമാറിന്റെ ജനപ്രീതി പെട്ടെന്ന് കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. നിതീഷ് കുമാറിന്റെ ഭരണത്തില്‍ സംതൃപ്തിയുള്ള ആളുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാവുന്നത്.
ബീഹാറില്‍ ഭരണ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2005 ലും 2010 ലും ഇത്തരത്തില്‍ ഒരു ഭരണവിരുദ്ധത നിതീഷ് നേരിട്ടിട്ടുമില്ല.

നിതീഷ് കുമാറിന്റെ ജനപ്രീതിയിലെ മാറ്റത്തില്‍ മോദി ഒരു കാരണമായിട്ടുണ്ട് എന്നാണ് സൂചനകള്‍. ബീഹാറില്‍ 27 ശതമാനം വോട്ടര്‍മാരും നരേന്ദ്രമോദിയെ മുന്നില്‍ കണ്ടുകൊണ്ടാണ് എന്‍.ഡി.എക്ക് വോട്ട് നല്‍കുന്നത്. 16 ശതമാനം മാത്രമാണ് നിതീഷിന്റെ പ്രവര്‍ത്തനം കണക്കിലെടുത്ത് വോട്ട് നല്‍കുന്നത്. 29 ശതമാനം പേര്‍ എം.എല്‍.എമാരുടെ പ്രവര്‍ത്തനം നോക്കിയെന്നാണ് പറയുന്നത്.

എന്‍.ഡി.എയെ പിന്തുണയ്ക്കുന്നവരെ നോക്കുമ്പോള്‍, 33% പേര്‍ നിതീഷ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തങ്ങള്‍ വോട്ട് ചെയ്യുന്നതെന്ന് പറഞ്ഞപ്പോള്‍ 42% പേര്‍ വോട്ട് ചെയ്യുന്നത് മോദി സര്‍ക്കാരിനെ അടിസ്ഥാനമാക്കിയാണ് (എംഎല്‍എമാരുടെ പ്രവര്‍ത്തനം അടിസ്ഥാനമാക്കി 8%).

ചുരുക്കത്തില്‍ നിതീഷിനെക്കാളും ബീഹാറില്‍ പ്രധാന രാഷ്ട്രീയ ആകര്‍ഷണം നരേന്ദ്ര മോദിയാണ്.

അതേസമയം, പുറത്തുവന്നുകൊണ്ടിരിക്കുന്ന എക്‌സിറ്റ് പോളുകള്‍ മഹാസഖ്യത്തിന് വലിയ വിജയം ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: One day left, Bihar Election Updates