പട്‌ന: ബിഹാറിലെ ബക്‌സര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊവിഡ് ടെസ്റ്റ് പേടിച്ച് ഓടുന്ന യാത്രക്കാരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
ട്രെയിനില്‍ നിന്ന് ഇറങ്ങിയ ആളുകളാണ് സ്റ്റേഷനില്‍ വെച്ച് നടത്തുന്ന കൊവിഡ് പരിശോധനയ്ക്ക് നില്‍ക്കാതെ ഓടിപോവുന്നത്. കുട്ടികളും സ്ത്രീകളുമടങ്ങുന്ന നിരവധി പേര്‍ ഓടിപ്പോകുന്നതായി ദൃശ്യങ്ങളില്‍ കാണാം.
എന്നാല്‍ സ്റ്റേഷനില്‍ ഇത് സാധാരണ സംഭവമാണെന്ന് പ്രാദേശിക കൗണ്‍സിലര്‍ ജെയ് തിവാരി എന്‍.ഡി.ടി.വിയോട് പറഞ്ഞു. തടഞ്ഞു നിര്‍ത്തുമ്പോള്‍ ആളുകള്‍ വാഗ്വാദം നടത്തുകയാണെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ കൊവിഡ് പരിശോധന നടത്തണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറില്‍ 2,34,692 പേര്‍ക്കാണ് രോഗം ബാധിച്ചത്.
1341 പേര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലാണ് 59.79 ശതമാനം കൊവിഡ് രോഗികളുമുള്ളത്.