അച്ഛനെയും എന്നെയും വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നു; സഹോദരിയേയും കുട്ടികളേയും അവരുടെ വീട്ടിലും; പുതിയ ഇന്ത്യയില്‍ തടങ്കലിലാണെന്ന് ഒമര്‍ അബ്ദുള്ള
national news
അച്ഛനെയും എന്നെയും വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്നു; സഹോദരിയേയും കുട്ടികളേയും അവരുടെ വീട്ടിലും; പുതിയ ഇന്ത്യയില്‍ തടങ്കലിലാണെന്ന് ഒമര്‍ അബ്ദുള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th February 2021, 12:47 pm

ശ്രീനഗര്‍: വീണ്ടും വിട്ടുതടങ്കലിലാണെന്ന് പറഞ്ഞ് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായി ഒമര്‍ അബ്ദുള്ള. തന്നെയും പിതാവ് ഫറൂഖ് അബ്ദുള്ളയേയും അധികൃതര്‍ വീട്ടില്‍ തടങ്കലിലാക്കിയിരിക്കുകയാണ് എന്നാണ് ഒമര്‍ അബ്ദുള്ള പറഞ്ഞത്.

” ഇതാണ് പുതിയ ജമ്മുകശ്മീര്‍, 2019 ആഗ്‌സതിന് ശേഷം ഒരു വിശദീകരണവും നല്‍കാതെ ഞങ്ങളെ പൂട്ടിയിട്ടു. അവര്‍ എന്നെയും സിറ്റിങ്ങ് എം.പികൂടിയായ അച്ഛനെയും വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണ്. എന്റെ സഹോദരിയേയും കുട്ടികളേയും അവരുടെ വീട്ടിലും പൂട്ടിയിട്ടു,” ഒമര്‍ അബ്ദുള്ള പറഞ്ഞു.

വീട്ടിലെ ജീവനക്കാരെപ്പോലും പുറത്ത് കടക്കാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

” നിങ്ങളുടെ ജനാധിപത്യത്തിന്റെ പുതിയ മാതൃകയെന്നാല്‍ ഒരു വിശദീകരണവുമില്ലാതെ ഞങ്ങളെ തടവിലാക്കാം എന്നത് മാത്രമല്ല ഞങ്ങളുടെ വീട്ടിലെ തൊഴിലാളികള്‍ക്ക് പോലും അകത്തേക്കോ പുറത്തേക്കോ ഇറങ്ങാന്‍ സാധിക്കില്ലെന്ന് കൂടിയാണ്. എനിക്ക് ഇപ്പോഴും ദേഷ്യവും രോഷവുമുണ്ട്,” ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷികത്തിന്റെ സുരക്ഷയുടെ ഭാഗമായാണ് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്തിയതെന്ന് ശ്രീനഗര്‍ പൊലീസ് ട്വിറ്ററിലൂടെ പ്രതികരിച്ചു. ശ്രീനഗര്‍ പൊലീസിനോട് രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Omar Abdullah claims he, his family ‘locked up’ at home; throws ‘naya Kashmir’ jibe