national news
മഹുവക്കെതിരായ കേസ്; നെഹ്റുവിനെയും സോണിയയെയും അധിക്ഷേപിച്ചുകൊണ്ടുള്ള വനിതാ കമ്മീഷൻ അധ്യക്ഷയുടെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jul 06, 02:45 pm
Saturday, 6th July 2024, 8:15 pm

ന്യൂദല്‍ഹി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ മുമ്പ് നടത്തിയിട്ടുള്ള അധിക്ഷേപകരമായ പരാമർശങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് കാട്ടി വനിതാ കമ്മീഷന്‍ കേസടുത്തതിന് പിന്നാലെയാണ് രേഖ ശർമയുടെ പഴയ പോസ്റ്റുകൾ ചർച്ചയാകുന്നത്.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മുമ്പ് നടത്തിയ പ്രസ്താവനകളാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്.

ഹത്രാസിലെത്തിയ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയ്ക്ക് ഒരാള്‍ കുട പിടിച്ച് കൊടുത്തതിനെ വിമര്‍ശിച്ചായിരുന്നു മഹുവ അടുത്തിടെ രംഗത്തെത്തിയത്. ബോസിന്റെ വസ്ത്രം താങ്ങി നടക്കുന്നതിന്റെ തിരക്കിലാണ് രേഖ ശര്‍മയെന്നാണ് എക്‌സില്‍ പങ്കുവെച്ച വീഡിയോക്ക് താഴെ മഹുവ കമന്റിട്ടത്. ഇതിലാണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയാണ് മഹുവ നടത്തിയതെന്നാണ് വനിതാ കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ മുമ്പ് സ്ത്രീത്വത്തെ അപമാനിച്ച് കൊണ്ട് നടത്തിയ പരാമര്‍ശങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മുന്‍ പ്രധാനമന്ത്രി നെഹ്‌റു വിദേശ വനിതാ നര്‍ത്തകിമാര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെ ചിത്രം നേരത്തെ രേഖ ശര്‍മ എക്‌സില്‍ പങ്കുവെച്ചിരുന്നു. ഇന്ത്യ സ്വന്തമായി ശ്വസിക്കാന്‍ തുടങ്ങാത്ത കാലത്ത് ഈ നര്‍ത്തകിമാരുമായി നിങ്ങളുടെ മുത്തച്ഛന്‍ എന്തുചെയ്യുകയായിരുന്നു എന്നാണ് നെഹ്‌റു കുടംബത്തെ ടാഗ് ചെയ്തുകൊണ്ട് രേഖ ശര്‍മ അന്ന് എക്‌സില്‍ കുറിച്ചത്.

നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെയും സമാന രീതിയിലുള്ള പരാമര്‍ശം രേഖ ശര്‍മ നടത്തിയിരുന്നു. പ്രിയങ്ക ഗാന്ധി തന്റെ സഹോദരിയെ പോലെയാണെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസിന്റെ പ്രസ്താവന ഏറ്റുപിടിച്ചുകൊണ്ടാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ നടത്തിയ പ്രസ്താവന. നിങ്ങളുടെ രണ്ടാളുടെയും പിതാവ് ഒരാളാണോയെന്ന് കുമാര്‍ വിശ്വാസ് പരിശോധിക്കണമെന്നും, അതുള്ളതാണോയെന്ന് തങ്ങള്‍ക്ക് സംശയമുണ്ടായിരുന്നെന്നും രേഖ ശര്‍മ എക്‌സില്‍ കുറിച്ചു.

ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെയും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെയും ചേര്‍ത്ത് രേഖ ശര്‍മ നേരത്തെ എക്‌സില്‍ ഓരു പോസ്റ്റിട്ടിരുന്നു. സോണിയ മാഡവും ലാലു പ്രസാദ് യാദവും തമ്മില്‍ നല്ല ചേര്‍ച്ചയാണെന്നാണ് രേഖ ശര്‍മ പറഞ്ഞത്.

ഇത്തരത്തില്‍ രേഖ ശര്‍മ മുമ്പ് നടത്തിയ നിരവധി പോസ്റ്റുകളാണ് മഹുവ മൊയ്ത്രക്കെതിരായ കേസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കുന്നത്. മാധ്യമ പ്രവര്‍ത്തകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈറും രേഖ ശര്‍മയുടെ പഴയ പോസ്റ്റുകള്‍ എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. വനിതാ കമ്മീഷന്‍ അധ്യക്ഷ എക്‌സിലൂടെ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നുത്.

Content Highlight: old posts of the chairperson of the Women’s Commission insulting Nehru and Sonia