ഭുവനേശ്വര്‍: സംസ്ഥാനത്തുള്ള മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് സഹായഹസ്തവുമായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. മുഖ്യമന്ത്രിയുടെ സമാശ്വാസ നിധിയില്‍ (സി.എം.ആര്‍.എഫ്) നിന്നും 78.76 ലക്ഷം രൂപയാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒഡീഷ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും വിദേശഫണ്ടുകള്‍ സ്വീകരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് പട്‌നായിക് ഇത്തരമൊരു പ്രവര്‍ത്തനവുമായി രംഗത്തെത്തിയിരിക്കുന്നത്.
മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങളില്‍ കഴിയുന്ന അന്തേവാസികള്‍ക്ക് ഭക്ഷണവും മരുന്നും മുടങ്ങരുതെന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നതായി നവീന്‍ പട്‌നായിക് പറയുന്നു.
സംസ്ഥാനത്ത് 8 ജില്ലകളിലായി 13 മിഷണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ താമസിക്കുന്ന 900ത്തോളം വരുന്ന അന്തേവാസികള്‍ക്ക് ഭക്ഷണവും മരുന്നും മുടങ്ങാതിരിക്കാനാണ് സഹായം നല്‍കിയിരിക്കുന്നത്. എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
നേരത്തെ, വിദേശസംഭാവനകതള്‍ സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് പുതുക്കി നല്‍കാതെ കേന്ദ്രം മിഷണറീസ് ഓഫ് ചാരിറ്റിയടക്കമുള്ള നിരവധി സന്നദ്ധസംഘടനകള്‍ക്കെതിരെ വിദ്വേഷനിലപാടുകള്‍ സ്വീകരിച്ചിരുന്നു.
ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് (Foreign Contribution Regulation Act) പ്രകാരമാണ് സംഘടനകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കി നല്‍കാതെ രാഷ്ട്രീയ നാടകം കളിക്കുന്നത്.
ഓക്സ്ഫാം ട്രസ്റ്റ് ഓഫ് ഇന്ത്യ, ജാമിഅ മില്ലിയ ഇസ്‌ലാമിയ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ട്യൂബര്‍കുലോസിസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഇന്ദിരാ ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ്, ലെപ്രസി മിഷന്‍, ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍, ആശാകിരണ്‍ റൂറല്‍ എജ്യുക്കേഷണല്‍ ഡവലപ്മെന്റ് സൊസൈറ്റി, ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍, ജെ.എന്‍.യു ന്യൂക്ലിയര്‍ സയന്‍സ് സെന്റര്‍ തുടങ്ങി വിദ്യാഭ്യാസം, ആരോഗ്യം, പിന്നാക്ക ക്ഷേമം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അനേകം സംഘടനകള്‍ക്കാണ് സര്‍ക്കാരില്‍ നിന്നും തിരിച്ചടിയേറ്റിരിക്കുന്നത്.
ഇതിനു മുന്‍പേ, മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ ഗുജറാത്ത് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഗുജറാത്തിലെ മകാര്‍പുര പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ‘ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ട് 2003’ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
വഡോദര ജില്ലാ സോഷ്യല്‍ ഡിഫന്‍സ് ഓഫീസര്‍ മായങ്ക് ത്രിവേദി, ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവരുടെ പരാതിയിന്മേലാണ് കേസെടുത്തത്.
വഡോദരയിലെ ഷെല്‍റ്റര്‍ ഹോമിലെ പെണ്‍കുട്ടികളെ കുരിശ് ധരിക്കാനും ബൈബിള്‍ വായിക്കാനും മതപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാനും മറ്റും നിര്‍ബന്ധിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
ആരോപണങ്ങള്‍ മിഷണറീസ് ഓഫ് ചാരിറ്റി ഫൗണ്ടേഷന്‍ നിഷേധിച്ചിരുന്നു.