തിരുവനന്തപുരം: എല്‍.ഡി.എഫിനും യു.ഡി.എഫിനും ബി.ജെ.പി വോട്ട് മറിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഒ. രാജഗോപാല്‍ എം.എല്‍.എ. തിരുവനന്തപുരം മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് ഒ. രാജഗോപാല്‍ ഇക്കാര്യം പറഞ്ഞത്.
ഇടതുപക്ഷത്തിനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണമെന്ന് കരുതുമ്പോള്‍ വലതുപക്ഷത്തിന് വോട്ട് ചെയ്യും. കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെങ്കില്‍ കോണ്‍ഗ്രസിനെ എങ്ങനെയെങ്കിലും തോല്‍പ്പിക്കണം. അതിന് ഇടതുപക്ഷത്തിന് വോട്ട് ചെയ്യും. ആ രീതിയില്‍ വോട്ട് ചെയ്യുന്ന ഏര്‍പ്പാട് നമ്മള്‍ കുറെ കാലം ഒക്കെ നോക്കി. പക്ഷെ അതല്ല ശരിയായ സമീപനം.
ഇപ്പോള്‍ പാര്‍ട്ടിക്ക് മികച്ച സംഘടനാ സംവിധാനം ഉള്ളതിനാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ നല്ല ടീമിനെ വാര്‍ത്തെടുക്കണമെന്നും അതിന് ജനങ്ങളിലേക്ക് ഇറങ്ങണമെന്നും ഒ. രാജഗോപാല്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
യു.ഡി.എഫ്-ബി.ജെ.പി ധാരണയെന്ന് എല്‍.ഡി.എഫും, ബി.ജെ.പിയുമായി എല്‍.ഡി.എഫാണ് ധാരണയെന്ന് യു.ഡി.എഫും പരസ്പരം ആരോപിക്കുന്നതിനിടെയാണ് മുന്‍കാലങ്ങളില്‍ വോട്ട് മറിച്ചിരുന്നെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവു കൂടിയായ ഒ. രാജഗോപാല്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ബി.ജെ.പി വ്യാഴാഴ്ചയാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിടുക. യു.ഡി.എഫില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
നേമം, വട്ടിയൂര്‍കാവ് മണ്ഡലങ്ങളില്‍ കൂടുതല്‍ ശക്തരായ നേതാക്കളെ ഇറക്കാനാണ് യു.ഡി.എഫ് നേതൃത്വം ആലോചിക്കുന്നത്. നേമത്ത് മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കെ. മുരളീധരന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഒ രാജഗോപാല്‍ മത്സരിച്ച് ജയിച്ച മണ്ഡലമായ നേമം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ബി.ജെ.പിയില്‍ നിന്ന് കുമ്മനം രാജശേഖരന്‍ മത്സരിക്കാനാണ് സാധ്യത.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക