ആദിപുരുഷിന്റെ വി.എഫ്.എക്‌സ് ചെയ്തത് തങ്ങളല്ല എന്ന് പ്രശ്‌സ്ത വി.എഫ്.എക്‌സ് കമ്പനിയായ എന്‍.വൈ. വി.എഫ്.എക്‌സ് വാലാ. ആദിപുരുഷിന്റെ വി.എഫ്.ക്‌സില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും നിലവില്‍ ചിത്രത്തിന്റെ സി.ജി, സ്‌പെഷ്യല്‍ ഇഫ്ക്ടില്‍ വര്‍ക്ക് ചെയ്യുന്നില്ലെന്നും എന്‍.വൈ വി.എഫ്.എക്‌സ് പറഞ്ഞു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷിച്ചതുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് ഇടുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആദിപുരുഷിന്റെ വി.എഫ്.എക്‌സിനെതിരെ ട്രോളുകള്‍ പ്രചരിക്കുന്നതിനിടയിലാണ് എന്‍.വൈ. വി.എഫ്.എക്‌സ് വാലാ വിശദീകരണവുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. രാമായണത്തെ ആസ്പദമാക്കിയെടുക്കുന്ന ചിത്രത്തില്‍ പ്രഭാസ് ആണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളായ കൃതി സനണ്‍, സെയ്ഫ് അലിഖാന്‍ എന്നിവരാണ് ജാനകി, ലങ്കേഷ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം കൊച്ചു ടി.വിയില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്‍ട്ടൂണുകള്‍ക്ക് പോലും ഇതിലും നിലവാരമുണ്ടെന്നാണ് വിമര്‍ശകരുടെ പ്രതികരണങ്ങള്‍. ടെമ്പിള്‍ റണ്‍ ഗെയിമിനോടും പ്ലാനറ്റ് ഓഫ് ഏപ്‌സ്, അവതാര്‍ എന്നീ ചിത്രങ്ങളോടുള്ള സാദ്യശ്യവും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും മുതല്‍മുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. 500 കോടിയില്‍ 250 കോടിയും വി.എഫ്.എക്‌സിനു വേണ്ടിയാണ് ചിലവഴിക്കുന്നത്. 120 കോടിയാണ് പ്രഭാസിന്റെ പ്രതിഫലം.