ന്യൂദല്‍ഹി: ബാലകോട്ടില്‍ ജെയ്‌ഷെ ഭീകരകേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടു മുമ്പുള്ള മണിക്കൂറുകളില്‍ തീവ്രവാദി കേന്ദ്രത്തില്‍ 300ഓളം മൊബൈല്‍ ഫോണുകളുടെ സിഗ്‌നലുകള്‍ ലഭ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ട്.
രഹസ്യാന്വേഷണ ഏജന്‍സികളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ദേശീയ സാങ്കേതിക ഗവേഷണ സംഘടന (എന്‍.ടി.ആര്‍.ഒ)യാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. രഹസ്യാന്വേഷണ വൃത്തങ്ങള്‍ എ.എന്‍.ഐക്ക് നല്‍കിയ വിവരമാണിത്.
എന്‍.ടി.ആര്‍.ഒയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ അവിടെയുള്ള ഭീകരരുടെ എണ്ണത്തെക്കുറിച്ച് വ്യക്തമായ സൂചനയാണ് ഈ റിപ്പോര്‍ട്ടെന്നും അധികൃതര്‍ പറയുന്നു. ഇന്റലിജന്‍സ് ഏജന്‍സികളുടെ വിവരങ്ങളുമായി എന്‍.ടി.ആര്‍.ഒയുടെ റിപ്പോര്‍ട്ടിന് സാമ്യമുണ്ടെന്നും അധികൃതര്‍ പറയുന്നു.
വ്യോമാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിനെച്ചൊല്ലി രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് മൊബൈല്‍ സാന്നിധ്യം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി ഒരു കണക്കുകളും പുറത്തുവന്നിട്ടില്ല.
അതേസമയം, ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്‍ 300 ഭീകരര്‍ കൊല്ലപ്പെട്ടെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ മരണസംഖ്യ പാകിസ്ഥാന്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ആക്രമണത്തില്‍ ജെയ്‌ഷെ ഭീകരകേന്ദ്രം തകര്‍ന്നിട്ടില്ലെന്നും ഇന്ത്യ ആക്രമിച്ചത് സ്‌കൂള്‍ മാത്രമാണെന്നും മസൂദ് അസറിന്റെ സഹോദരന്‍ പറഞ്ഞിരുന്നു.
അതേസമയം, ആക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്നതിന്റെ കണക്കെടുത്തിട്ടില്ലെന്നും ആ വിവരങ്ങള്‍ സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കുമെന്നുമാണ് വ്യോമസേന ചീഫ് ബി.എസ് ധനോവ പത്രസമ്മേളനത്തില്‍ പറഞ്ഞത്.
“ആക്രമണത്തില്‍ പരിക്കു പറ്റിയവരുടെ എണ്ണം സ്ഥിരീകരിക്കാനുള്ള അവസ്ഥയിലല്ല ഐ.എ.എഫ്. അക്കാര്യം സര്‍ക്കാര്‍ വിശദീകരിക്കും. ഞങ്ങള്‍ മരിച്ചവരുടെ എണ്ണമെടുക്കാറില്ല. എവിടെ ആക്രമണം നടത്തണം, എവിടെ നടത്തരുത് എന്ന കാര്യമാണ് ഞങ്ങള്‍ പരിശോധിക്കാറുള്ളത്.” ധനോവ പറഞ്ഞിരുന്നു.
ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ 250 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അവകാശപ്പെട്ടിരുന്നു.
മരണസംഖ്യയെ കുറിച്ച് വ്യക്തമായി പറയാന്‍ കഴിയില്ലെന്ന് വ്യോമസേന തന്നെ പറഞ്ഞ സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം വന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു അമിത് ഷായെ ന്യായീകരിക്കുന്ന നിലപാടുമായി എയര്‍ ചീഫ് മാര്‍ഷല്‍ രംഗത്തുവന്നത്.