പോരാട്ടം വിജയിച്ചു: സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സെല്‍ വേണമെന്ന് ഹൈക്കോടതി; സ്വാഗതം ചെയ്ത് ഡബ്ല്യു.സി.സി
Movie Day
പോരാട്ടം വിജയിച്ചു: സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സെല്‍ വേണമെന്ന് ഹൈക്കോടതി; സ്വാഗതം ചെയ്ത് ഡബ്ല്യു.സി.സി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th March 2022, 11:30 am

കൊച്ചി: സിനിമാസെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതിപരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. ഡബ്ല്യു.സി.സി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സിനിമ സംഘടനകളിലും ആഭ്യന്തര പരാതിപരിഹാരസംവിധാനം വേണമെന്ന് കോടതി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടിയുറപ്പാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 2018 ല്‍ നടി ആക്രമിക്കപ്പെട്ട ശേഷമാണ് ഡബ്ല്യു.സി.സി ഇത്തരത്തില്‍ ഒരു ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. സിനിമാ ലൊക്കേഷനുകളില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ആഭ്യന്തരപരിഹാര സെല്‍ ഇല്ലെന്നും മറ്റ് സംഘടനകളിലെന്ന പോലെ സിനിമ സെറ്റിലും ഇത്തരമൊരു സംവിധാനം വേണമെന്നുമായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടത്.

സമാനനിലപാടായിരുന്നു വനിതാ കമ്മീഷനും അറിയിച്ചത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ ഹരജി അംഗീകരിച്ചുകൊണ്ടാണ് സിനിമ സെറ്റുകള്‍ ആഭ്യന്തരപരിഹാര സെല്‍ രൂപീകരിക്കണമെന്ന് വ്യക്തമാക്കിയത്. 10 ല്‍ കൂടുതല്‍ ആളുകളുള്ള എല്ലാ സിനിമാ ലൊക്കേഷനുകളിലും ഇത്തരം സെല്ലുകള്‍ രൂപീകരിക്കാനാണ് നിര്‍ദേശം. സിനിമാ സംഘടനകളിലും ആഭ്യന്തരപരിഹാര സെല്‍ വേണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് ഡബ്ല്യു.സി.സിയും രംഗത്തെത്തി. നിലവിലുള്ള നിയമം നടപ്പാക്കിക്കിട്ടാനായിരുന്നു പോരാട്ടമെന്നും അതില്‍ വിജയിച്ചുവെന്നും ഡബ്ല്യു.സി.സി പ്രതികരിച്ചു

വിധിയെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷനും സിനിമാ സംഘടനകളും രംഗത്തെത്തി. ഹൈക്കോടതിയില്‍ നിന്നുണ്ടായത് നീതിയുക്ത നടപടിയാണെന്നും കമ്മീഷന്‍ തങ്ങളുടെ നിലപാട് ഹൈക്കോടതിയെ അറിയിച്ചിരുന്നെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.

അതേസമയം നിര്‍മാതാക്കള്‍ ഉത്തരവ് നടപ്പിലാക്കണമെന്നും ഇതിനായി പരിശീലനം കിട്ടിയവര്‍ വേണമെന്നും ഫെഫ്ക്ക പ്രതികരിച്ചു.

Content Highlight: Internal Complaints Commetees on Cinema Set Highcourt Order