'വനിതാ മതിലിനോട് എൻ.എസ്.എസ്. സഹകരിക്കണം': കോടിയേരി ബാലകൃഷ്ണൻ
Kerala News
'വനിതാ മതിലിനോട് എൻ.എസ്.എസ്. സഹകരിക്കണം': കോടിയേരി ബാലകൃഷ്ണൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd December 2018, 7:10 pm

തൃശൂര്‍: “വനിതാ മതിലി”നോട് സാമുദായിക സംഘടനയായ എൻ.എസ്.എസും സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നവോഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യം എന്‍.എസ്.എസ് കാത്തുസൂക്ഷിക്കണമെന്നും വനിതാ മതിലില്‍നിന്ന് പ്രതിപക്ഷം മാറിനില്‍ക്കരുതെന്നും അദ്ദേഹം തൃശൂരില്‍ പത്രസമ്മേളനത്തിൽ പറഞ്ഞു.

Also Read എണ്ണവില ഉയരുന്നു; ഉത്പാദനം കൂട്ടി അമേരിക്ക

ജനുവരി ഒന്നിന് സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കാന്‍ സത്രീകളോട് ആവശ്യപ്പെടുകയാണ് രമേശ് ചെന്നിത്തല ചെയ്യേണ്ടതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. സ്ത്രീയെയും പുരുഷനെയും തുല്യരായി കാണണമെന്ന ഭരഘടന തത്വം പ്രാവർത്തികമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വനിതാ മതിൽ ഒരിക്കലും ഒരു സി.പി.എം. പരിപാടിയല്ല. കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ എല്ലാ വിഭാഗത്തിൽ നിന്നുമുള്ളവരും പങ്കെടുക്കേണ്ടത് ആവശ്യമാണ്. പരിപാടിയിൽ നിന്നും മാറി നിൽക്കുന്നതിനു പകരം എൻ.എസ്.എസ്. വനിതാ മതിലിന്റെ മുന്നണിയിൽ നിൽക്കുകയായിരുന്നു വേണ്ടിയിരുന്നതെന്നും കോടിയേരി പറഞ്ഞു.

Also Read “ഖസാക്കിന്റെ ഇതിഹാസം” തിരക്കഥ മോഷ്ടിച്ചു; ദീപൻ ശിവരാമന് നേരെയും ആരോപണം

ജനുവരി ഒന്നിന് വനിതാ മതില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻപറഞ്ഞിരുന്നു . കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാകും വനിതാ മതില്‍. കേരളം വീണ്ടും ഭ്രാന്താലയമാക്കരുതെന്നും ഇരുണ്ട യുഗത്തിലേക്ക് തിരികെ പോകാനാകില്ലെന്നുമുള്ള എന്ന പ്രഖ്യാപനത്തോടെയാണ് പരിപാടി നടത്തുക. സംഘാടക സമിതി വെള്ളാപ്പള്ളി ചെയര്‍മാനായും പുന്നല ശ്രീകുമാര്‍ കണ്‍വീനറായും ഉണ്ടാകും. മുഖ്യമന്ത്രി വിളിച്ച സാമുദായിക നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.