കബഡി കരിയറായി തെരഞ്ഞെടുക്കാമെന്ന് രക്ഷിതാക്കള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു: രാകേഷ് കുമാര്‍
Daily News
കബഡി കരിയറായി തെരഞ്ഞെടുക്കാമെന്ന് രക്ഷിതാക്കള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു: രാകേഷ് കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th June 2015, 9:25 am

rakesh പ്രോ കബഡി ലീഗിന്റെ രണ്ടാം സീസണ്‍ ഒരു മാസം അകലെയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രാകേഷ് കുമാര്‍ ദിവസങ്ങളെണ്ണി കാത്തിരിക്കുകയാണെന്ന കാര്യത്തില്‍ അത്ഭുതമൊന്നുമില്ല. വളരെയധികം കാത്തിരുന്നെന്നാണ് അദ്ദേഹം പറയുന്നത്.

“ജൂണ്‍ 15ന് ഗുര്‍ഗൗണില്‍ ഞങ്ങളുടെ ക്യാമ്പ് തുടങ്ങി. കുറേക്കൂടി മികച്ച പ്രകടനം കാഴ്ചവെയ്ക്കാമെന്ന പ്രതീക്ഷയില്‍ എല്ലാവരും കാത്തിരിക്കുകയാണ്. മത്സരം തുടങ്ങാനുള്ള ഈ കാത്തിരിപ്പ് ഞങ്ങളെ വിജയത്തിലേക്കു നയിക്കുമെന്നാണ് കരുതുന്നത്.” രാകേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷത്തെ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക 12.80 ലക്ഷം നേടിയത് കുമാറായിരുന്നു. 2006, 2010, 2014 വര്‍ങ്ങളിലെ ഏഷ്യന്‍ ഗെയിംസ് വിജയങ്ങളിലെയും രണ്ട് ലോകകപ്പ് വിജയങ്ങളിലെയും താരം കുമാറായിരുന്നു.

“കബഡി മുമ്പത്തെ കബഡിയല്ലെന്നാണ് കുമാര്‍ പറയുന്നത്. ആദ്യ സീസണ് ലഭിച്ചത് അപ്രതീക്ഷിത പ്രതികരണമാണ്. ഇപ്പോള്‍ ഞങ്ങള്‍ എവിടെപ്പോയാലും ആളുകള്‍ തിരിച്ചറിയുന്നു. ഇത് വളരെ സന്തോഷകരമായ അനുഭവമാണ്. ആരാധകരും കളിക്കാരും മാസങ്ങളായി കാത്തിരിക്കുകയാണ്. ലീഗിനുവേണ്ടി അവര്‍ക്ക് ഇനിയും അധികം കാത്തിരിക്കാനാവില്ല. എന്തു തന്നെയായാലും മത്സരത്തില്‍ ശ്രദ്ധ കുറയാന്‍ പാടില്ല.”; അദ്ദേഹം പറഞ്ഞു.

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം നേടാന്‍ കാരണം പ്രോ കബഡി ലീഗാണെന്നും അദ്ദേഹം പറഞ്ഞു. അത് മികച്ച തയ്യാറെടുപ്പുകള്‍ നടത്താന്‍ ടീമിനു സഹായകരമായെന്നും അദ്ദേഹം വ്യക്തമാക്കി.

കബഡിയെ കരിയര്‍ ഓപ്ഷനായി തെരഞ്ഞെടുക്കാമെന്ന് രക്ഷിതാക്കള്‍ ഇപ്പോള്‍ മനസിലാക്കി തുടങ്ങി. അതിനു വഴിയൊരുക്കിയത് കബഡി ലീഗാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശത്തുള്ള കബഡി കളിക്കാര്‍ ഇവിടെ കളിക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നതും ലീഗിന്റെ മേന്മയാണ്. ഇത്തവണ ഇറാനില്‍ നിന്നുള്ള മൂന്നു കളിക്കാരുണ്ട്. ഇഞ്ചിയോണില്‍ അവര്‍ കടുത്ത എതിരാളികളായിരുന്നു. അത്തരം കളിക്കാരുടെ സാന്നിധ്യം ലീഗിന്റെ പ്രധാന്യം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.