ആമസോണ്‍ പ്രൈമിലെ ഏറെ ആരാധകരുള്ള വെബ് സീരിസാണ് മിര്‍സാപൂര്‍. സീരിസിന്റെ രണ്ടാം സീസണ്‍ ഈ അടുത്താണ് പുറത്തുവന്നത്. എന്നാല്‍ ഇപ്പോഴിതാ സീരിസിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഹിന്ദി നോവലിസ്റ്റ് സുരേന്ദ്ര മോഹന്‍ പതക്.
തന്റെ നോവലിനെ സീരിസില്‍ അശ്ലീലമായി ചിത്രീകരിച്ചെന്നാണ് സുരേന്ദ്രയുടെ ആരോപണം. സീരിസിന്റെ മൂന്നാമത്തെ എപ്പിസോഡിലെ ഒരു കിടപ്പറ രംഗത്തില്‍ തന്റെ നോവല്‍ കാണിക്കുന്നുണ്ട്. നോവല്‍ വായിക്കുന്നതായി ഒരു വോയിസ് ഓവറും ഈ സീനിലുണ്ട്. എന്നാല്‍ തന്റെ നോവലില്‍ ഇത്തരം ഒരു ഭാഗം ഇല്ലെന്നാണ് സുരേന്ദ്ര പറയുന്നത്.
‘ചിത്രത്തിലെ കഥാപാത്രം വായിക്കുന്നതായി പറയുന്ന ഭാഗം പുസ്തകത്തിന്റെ ഒരു ഭാഗത്തുമില്ല. മാത്രവുമല്ല, ബല്‍ദേവ് രാജ എന്ന കഥാപാത്രം നോവലില്‍ ഇല്ല’- സുരേന്ദ്ര പറഞ്ഞു.
പുസ്‌കത്തിലേത് എന്ന് പറഞ്ഞ് വായിക്കുന്നത് തികഞ്ഞ അശ്ലീലമാണ്. തന്റെ പ്രതിച്ഛായ തകര്‍ക്കുന്ന പ്രവൃത്തിയാണ് ഇത്. പുസ്തകം തന്റെ അനുവാദമില്ലാതെ സീരിസില്‍ ഉപയോഗിച്ചത് കോപ്പി റൈറ്റ് ആക്ടിന്റെ ലംഘനമാണെന്നും ഈ രംഗം നീക്കം ചെയ്യണമെന്നുമാണ് സുരേന്ദ്രയുടെ ആവശ്യം.
ഇത് ചൂണ്ടികാട്ടി മിര്‍സാപൂറിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം കത്ത് എഴുതിയിട്ടുണ്ട്.
അതേസമയം വിവാദത്തിന് പിന്നാലെ തന്നെ സീരിസിന്റെ തിരക്കഥാകൃത്തുകള്‍ വിളിച്ചെന്നും വോയിസ് ഓവര്‍ മാറ്റാമെന്ന് അറിയിച്ചതായും സുരേന്ദ്ര മോഹന്‍ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.