COVID-19
പ്രളയത്തില്‍ മാത്രമല്ല കൊവിഡ് കാലത്തും കൈത്താങ്ങുമായി കൊച്ചിയിലെ നൗഷാദ്; ഇത്തവണ നൂറോളം പേര്‍ക്ക് ഭക്ഷണവുമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 28, 11:47 am
Saturday, 28th March 2020, 5:17 pm

കൊച്ചി: പ്രളയ കാലത്ത് തന്റെ കടയിലെ വസ്ത്രങ്ങള്‍ പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് നല്‍കിയ നൗഷിദിനെ എല്ലാവര്‍ക്കും അറിയാം. കൊച്ചിയിലെ ബ്രോഡ് വേ തെരുവില്‍ കച്ചവടം നടത്തുന്ന നൗഷാദ് തന്റെ അരികില്‍ ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയവര്‍ക്കായിരുന്നു വസ്ത്രങ്ങള്‍ നല്‍കിയത്.

കേരളം വീണ്ടുമൊരു ദുരന്ത മുഖത്ത് നില്‍ക്കുമ്പോള്‍ കൈത്താങ്ങുമായി നൗഷാദ് വീണ്ടുമെത്തിയിരിക്കുകയാണ്. ഇത്തവണ കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ തെരുവില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണവുമായിട്ടാണ് നൗഷാദ് എത്തിയിരിക്കുന്നത്.

സുഹൃത്തിന്റെ വാഹനത്തില്‍ കൊച്ചി നഗരത്തിലെ തെരുവില്‍ ഭക്ഷണമില്ലാതെ കുടുങ്ങിയവര്‍ക്ക് പൊതിച്ചോറുമായി നൗഷാദ് എത്തി. നൂറോളം പേര്‍ക്കാണ് നൗഷാദിന്റെ പൊതിച്ചോറ് ആശ്വാസമായത്.

തുടര്‍ന്നുള്ള ദിവസങ്ങളിലും പൊതിച്ചോറ് എത്തിക്കാനാണ് നൗഷാദിന്റെ തീരുമാനമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.