ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്റെ പേരില്‍ ചുമത്തിയ അഴിമതിക്കുറ്റം രാഷ്ട്രീയ താത്പ്പര്യമനുസരിച്ചുള്ളതാണെന്നും വാസ്തവ വിരുദ്ധമാണെന്നും റോബര്‍ട്ട് വദ്ര. വദ്രയുടേയും അദ്ദേഹവുമായി ബന്ധമുള്ളവരുടേയും വസതികളില്‍ കഴിഞ്ഞ വെള്ളിയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തിയ സാഹചര്യത്തിലാണ് പ്രതികരണം.
എല്ലാ നോട്ടീസുകള്‍ക്കും മറുപടി നല്‍കിയിരുന്നെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമായി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. എന്നാല്‍ എല്ലാ നടപടികളും നിയമപരവും ശരിയായ രീതിയിലും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“തന്റെ കുടുംബം സമ്മര്‍ദ്ദത്തിലാണ്. മാതാവിന് സുഖമില്ല. സാധനങ്ങളെല്ലാം എന്‍ഫോഴ്‌സ്‌മെന്റ് വലിച്ചുവാരിയിട്ടിരിക്കുകയും പൂട്ടുകളെല്ലാം തകര്‍ത്തിട്ടിരിക്കുകയുമാണ്”- വദ്ര പറഞ്ഞു
തന്റെ പേര് രാഷ്ട്രീയപരമായ ഭീഷണിപ്പെടുത്തലിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. താന്‍ എങ്ങോട്ടും ഓടിപ്പോവുകയോ രാജ്യം വിട്ട് വിദേശത്ത് താമസമാക്കുകയോ ചെയ്യില്ലെന്നും റോബര്‍ട്ട് വദ്ര വ്യക്തമാക്കി.
പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും ബിസിനസുകരനുമായ റോബര്‍ട്ട് വദ്ര പണം കൈപ്പറ്റിയെന്ന കുറ്റം ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ വെള്ളിയാഴ്ച റെയ്ഡ് നടത്തിയിരുന്നു.
അതേസമയം, വിദേശ രാജ്യങ്ങളിലെ വെളിപ്പെടുത്താത്ത സ്വത്തുക്കളുടെ ഉടമസ്ഥത സംബന്ധിച്ച് കള്ള പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി.