ന്യൂദല്‍ഹി: ദല്‍ഹി പൊലീസിനെതിരെ ഗുരുതരാരോപണവുമായി ഉമര്‍ ഖാലിദ്.
ദല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ അദ്ദേഹം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പൊലീസ് തന്നെ സെല്ലിനകത്തു നിന്ന് പുറത്തിറങ്ങാനോ ഒരാളെ പോലും കാണാനോ അനുവദിച്ചില്ലെന്ന് ഉമര്‍ ഖാലിദ് ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
സുരക്ഷ എന്നു പറയുന്നത് ഇതുപോലെ ശിക്ഷിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അഡീഷണല്‍ ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു നാളുകളായി തനിക്ക് സുഖമില്ലെന്നും എല്ലായ്‌പ്പോഴും സെല്ലില്‍ ഒതുങ്ങിനില്‍ക്കാനുള്ള ഉത്തരവ് കാരണം ശാരീരികവും മാനസികവുമായി അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്നും ഉമര്‍ ഖാലിദ് പറഞ്ഞു.
ജെ.എന്‍.യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ സെപ്റ്റംബര്‍ 13നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യു.എ.പി.എ ചുമത്തിയാണ് പൊലീസ് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തെ ശനിയാഴ്ച ദല്‍ഹി പൊലീസ് വിളിച്ചുവരുത്തിയിരുന്നു. ശേഷം ലോധി കോളനിയിലെ സ്‌പെഷ്യല്‍ സെല്‍ ഓഫീസില്‍ ഞായറാഴ്ച എത്താന്‍ നിര്‍ദ്ദേശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അന്വേഷണ സംഘത്തിന് മുന്നിലെത്തിയ ഉമര്‍ ഖാലിദിനെ രാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.