ഞാന്‍ എട്ടാം ക്ലാസിലാണ് ഇംഗ്ലീഷ് പഠിച്ചത്, അതിന്റെ പോരായ്മയാവാം; കര്‍ഷകരെ കുറ്റപ്പെടുത്തിയ സോളിസിറ്റര്‍ ജനറലിന് കുറിക്കുകൊള്ളുന്ന മറുപടി നല്‍കി ചീഫ് ജസ്റ്റിസ് രമണ
ന്യൂദല്‍ഹി:ദല്‍ഹിയിലെ വായുമലിനീകരണത്തിന് കര്‍ഷകരാണ് കാരണമെന്ന വാദത്തെ ന്യായീകരിച്ച സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് മറുപടി നല്‍കി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ.
ദല്‍ഹിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലും കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചതെന്നായിരുന്നു കേന്ദ്രത്തിന് വേണ്ടി മേത്ത പറഞ്ഞത്.
മേത്തയുടെ വാദത്തെ കോടതി അപ്പോള്‍ തന്നെ എതിര്‍ത്തിരുന്നു. എന്നാല്‍, കര്‍ഷകര്‍ മാത്രമാണ് കാരണമെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുപറഞ്ഞ് മേത്ത തന്റെ വാദത്തെ ന്യായീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ചീഫ് ജസ്റ്റ് മേത്തയ്ക്ക് മറുപടി നല്‍കിയത്.
”നിര്‍ഭാഗ്യവശാല്‍ എനിക്ക് ലൗകികജ്ഞാനമുള്ള രീതിയില്‍ സംസാരിക്കാനാവില്ല. എട്ടാം ക്ലാസില്‍ വെച്ചാണ് ഇംഗ്ലീഷ് പഠിച്ചത്. ഇത് എന്റെ പോരായ്മയാണ്. വാക്കുകള്‍ പ്രകടിപ്പിക്കാന്‍ എന്റെ പക്കല്‍ നല്ല ഇംഗ്ലീഷ് ഇല്ല. ഞാന്‍ ഇംഗ്ലീഷ് ഭാഷയില്‍ നിയമം പഠിച്ചു,” ചീഫ് ജസ്റ്റിസ് സോളിസിറ്റര്‍ ജനറല്‍ മേത്തയോട് പറഞ്ഞു.
താനും എട്ടാം ക്ലാസില്‍ വെച്ചാണ് ഇംഗ്ലീഷ് പഠിച്ചതെന്നും ബിരുദം വരെ ഗുജറാത്തി മീഡിയത്തിലാണ് പഠിച്ചതെന്നുമായിരുന്നു ചീഫ് ജസ്റ്റിസിനോട് മേത്ത പറഞ്ഞത്.
”നമ്മള്‍ ഒരേ ബോട്ടിലാണ് യാത്ര ചെയ്യുന്നത്. ഞാന്‍ നിയമം പഠിച്ചത് ഇംഗ്ലീഷിലായിരുന്നു,” സോളിസിറ്റര്‍ ജനറല്‍ മേത്ത പറഞ്ഞു.
ദല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മലിനീകരണം ഉണ്ടായത് കര്‍ഷകര്‍ കാരണമാണെന്ന തരത്തില്‍ പറയുന്നത് എന്തിനാണെന്നും കേന്ദ്രത്തോട് ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു. മലിനീകരണത്തിന്റെ ചെറിയ കാരണം മാത്രമാണ് അതെന്നും ബാക്കി കാരണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും കോടതി ചോദിച്ചു.
ദല്‍ഹി സര്‍ക്കാരായാലും മറ്റാരായാലും കര്‍ഷകരെ ദ്രോഹിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയെന്നും കോടതി പറഞ്ഞു.